റോയല്‍ ചലഞ്ച്, ആന്റിക്വിറ്റി ബ്ലൂ, മക്‌ഡൊവല്‍സ് റം തുടങ്ങിയ ബ്രാന്‍ഡുകളുടെ ചേരുവകള്‍ മാറ്റാന്‍ തീരുമാനിച്ച് പ്രമുഖ മദ്യക്കമ്പനിയായ ഡിയാജിയോ. മദ്യത്തില്‍ കൃത്രിമ ഫ്‌ലേവറുകള്‍ ചേര്‍ത്തതിന് ഭക്ഷ്യസുരക്ഷാ അതോറിറ്റി ഏര്‍പ്പെടുത്തിയ വിലക്കേർപ്പെടുത്തിയതിന്റെ ഭാഗമായാണ് ഈ നടപടി. പുതിയ ചേരുവകളോടെയാകും ഈ ബ്രാന്‍ഡുകള്‍ ഇനി ഇന്ത്യയിലുടനീളം വിപണിയിലെത്തുക.
മദ്യ ബ്രാന്‍ഡുകളായ റോയല്‍ ചലഞ്ച്, ആന്റിക്വിറ്റി ബ്ലൂ വിസ്‌കികളുടെയും മക്‌ഡൊവല്‍സ് റമ്മിന്റെയും ചേരുവകളില്‍ മാറ്റം വരുത്താന്‍ മദ്യക്കമ്പനിയായ ഡിയാജിയോയുടെ തീരുമാനം. വിസ്‌കിയില്‍ വിസ്‌കിയുടെ ഫ്‌ലേവറും റമ്മിന് റമ്മിന്റെ ഫ്‌ലേവറും കൃത്രിമമായി ചേര്‍ക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ചില സംസ്ഥാനങ്ങളില്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റി ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാനായാണ് കമ്പനിയുടെ ഈ നിര്‍ണായക നടപടി. മദ്യത്തിന്റെ ചേരുവകള്‍ മാറ്റാമെന്ന കമ്പനിയുടെ ഉറപ്പിന്മേല്‍ ഈ വിലക്ക് പിന്‍വലിക്കാന്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റി തീരുമാനിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എഫ്എസ്എസ്എഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
40 ബില്യണ്‍ ഡോളര്‍ വിപണിയെ ഞെട്ടിച്ച വിലക്ക്
ഏകദേശം 40 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യന്‍ മദ്യവിപണിയെ ഒന്നാകെ ഞെട്ടിച്ച തീരുമാനമായിരുന്നു ഈ മാസമാദ്യം ഡിയാജിയോ അടക്കമുള്ള ചില കമ്പനികള്‍ക്കെതിരെ അധികൃതര്‍ എടുത്തത്. ലേബലിലെ വിവരങ്ങളിലെ പിഴവുകളും, മദ്യത്തില്‍ കൃത്രിമമായി ഫ്‌ലേവറുകള്‍ ചേര്‍ത്തതുമായിരുന്നു വിലക്കിന് കാരണമായത്. എന്നാല്‍ ഈ ദശാബ്ദത്തിലെ തങ്ങളുടെ ഏറ്റവും വലിയ ഉപഭോക്തൃ വിപണി എന്ന് ഡിയാജിയോ വിശേഷിപ്പിക്കുന്ന ഇന്ത്യയിലെ എല്ലാ നിയമങ്ങളും പാലിച്ചാണ് മദ്യം നിര്‍മിക്കുന്നതെന്നായിരുന്നു കമ്പനിയുടെ ആദ്യ വിശദീകരണം.
മധ്യപ്രദേശില്‍ നിര്‍മിക്കുന്ന ജനപ്രിയ ബ്രാന്‍ഡുകളായ ആന്റിക്വിറ്റി ബ്ലൂ, റോയല്‍ ചലഞ്ച് വിസ്‌കികള്‍ക്കും മഹാരാഷ്ട്രയില്‍ നിര്‍മിക്കുന്ന മക്‌ഡൊവല്‍സ് നമ്പര്‍ 1 സെലിബ്രേഷന്‍ മെച്വേര്‍ഡ് ട്രിപ്പിള്‍ എക്‌സ് റമ്മിനുമായിരുന്നു പ്രധാനമായും വിലക്ക് വീണത്. എന്നാല്‍, വിലക്ക് വന്ന സംസ്ഥാനങ്ങളില്‍ മാത്രമല്ല, ഇന്ത്യയിലൊട്ടാകെ ഇനി പുതിയ ചേരുവകളോടെയാകും ഈ ബ്രാന്‍ഡുകള്‍ വിപണിയിലെത്തുകയെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വിസ്‌കിയിലോ റമ്മിലോ ഫ്‌ലേവറുകള്‍ ചേര്‍ക്കുന്നത് നിര്‍ത്താന്‍ കമ്പനി തയ്യാറായിട്ടുണ്ട്.
റോയല്‍ ചലഞ്ചിലെ 'വിസ്‌കി ഫ്‌ലേവര്‍'
ഇടത്തരം വിലയുള്ള മദ്യങ്ങളുടെ വിഭാഗത്തില്‍ ഡിയാജിയോയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ബ്രാന്‍ഡുകളിലൊന്നാണ് റോയല്‍ ചലഞ്ച്. ഇന്ത്യയില്‍ പ്രതിവര്‍ഷം 4.5 ദശലക്ഷം കെയ്സുകളാണ് വിറ്റഴിക്കുന്നത്. ഇന്ത്യന്‍ ഗ്രെയിന്‍ സ്പിരിറ്റും വിദേശ സ്‌കോച്ചും ചേര്‍ത്ത് അമേരിക്കന്‍ ഓക്ക് ബാരലുകളില്‍ പാകപ്പെടുത്തിയെടുത്തതാണ് ഇതെന്നാണ് കുപ്പിയുടെ മുന്‍വശത്തെ ലേബലില്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇതിനൊപ്പം വെള്ളം, സ്‌കോച്ച്, അനുവദനീയമായ നിറങ്ങള്‍ എന്നിവയ്ക്കൊപ്പം പ്രകൃതിദത്തമായ 'വിസ്‌കി ഫ്‌ലേവര്‍' ചേര്‍ത്തിട്ടുണ്ടെന്ന് കുപ്പിയുടെ പിന്നിലെ ലേബലില്‍ വ്യക്തമാക്കിയിരുന്നു. സുരക്ഷിതമായ റീസൈക്കിള്‍ഡ് പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിര്‍മ്മിച്ചതെന്ന കൃത്യമായ മാര്‍ക്കിങ്ങുകള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ഡിയാജിയോയുടെ 18,000 പെട്ടി മദ്യം ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ആഴ്ച പിടിച്ചെടുത്തിരുന്നു.


