ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയായ ജിയോയുടെ പ്രാഥമിക ഓഹരി വില്‍പന ആദ്യ 100 മിനിറ്റിനുള്ളില്‍ തന്നെ പൂർണ്ണമായി സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. 1,065 രൂപ മുതല്‍ 1,119 രൂപ വരെ വില നിശ്ചയിച്ചിട്ടുള്ള ഐപിഒയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇത് വിജയകരമാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള നാലാമത്തെ കമ്പനിയായി ജിയോ മാറും.
ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയായ ജിയോയുടെ പ്രാഥമിക ഓഹരി വില്‍പനയ്ക്ക് നിക്ഷേപകരില്‍നിന്ന് മികച്ച പ്രതികരണം. 30,213 കോടി രൂപയുടെ ഐപിഒ തുടങ്ങി ആദ്യ 100 മിനിറ്റിനുള്ളില്‍ തന്നെ ഇഷ്യു പൂര്‍ണമായി സബ്‌സ്‌ക്രൈബ് ചെയ്തു. സ്ഥാപന നിക്ഷേപക (ക്യു.ഐ.ബി.) വിഭാഗത്തിനായി നീക്കിവച്ച ഓഹരികളുടെ 3.25 മടങ്ങ് അപേക്ഷകളാണ് ലഭിച്ചത്. ഇന്ന് രാവിലെ ഒന്‍പതിനാണ് ഐപിഒയുടെ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയത്. വലിയ തുക സമാഹരിക്കുന്ന ഐപിഒകളില്‍ ഏറ്റവും വേഗത്തില്‍ പൂര്‍ണമായി സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടവയില്‍ ഒന്നായി ഇതോടെ ജിയോ ഐപിഒ മാറി. ഇഷ്യുവില്‍ വില്‍പനയ്ക്ക് വച്ച 19,75,25,934 ഓഹരികള്‍ക്ക് 20,03,43,972 അപേക്ഷകളാണ് ഈ സമയത്തിനിടെ ലഭിച്ചത്.
ഓഹരിവില 1,065 മുതല്‍ 1,119 രൂപ വരെ
1,065 രൂപ മുതല്‍ 1,119 രൂപ വരെയാണ് ഐപിഒയുടെ ഓഹരിവില നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, ഗ്രേ മാര്‍ക്കറ്റില്‍ ജിയോ ഓഹരികളുടെ പ്രീമിയം ഇന്ന് 276 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം ഇത് 273 രൂപയായിരുന്നു. കഴിഞ്ഞ ആഴ്ചയുടെ അവസാനം 221 രൂപയായിരുന്നു ഗ്രേ മാര്‍ക്കറ്റ് പ്രീമിയം. കുറഞ്ഞത് 20 ബ്രോക്കറേജ് സ്ഥാപനങ്ങളെങ്കിലും ഐപിഒയില്‍ ഓഹരികള്‍ വാങ്ങാമെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
ഇന്ത്യയിലെ നാലാമത്തെ മൂല്യമേറിയ ലിസ്റ്റഡ് കമ്പനിയാകാന്‍ ജിയോ
ഐപിഒ വിജയകരമായി പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വിപണിമൂല്യമുള്ള ലിസ്റ്റഡ് കമ്പനികളില്‍ നാലാം സ്ഥാനത്തേക്ക് ജിയോ പ്ലാറ്റ്ഫോംസ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഹരിവിലയുടെ ഉയര്‍ന്ന പരിധിയായ 1,119 രൂപ അടിസ്ഥാനമാക്കിയുള്ള കണക്കനുസരിച്ച് കമ്പനിയുടെ വിപണിമൂല്യം 10,30,490.55 കോടി രൂപയാണ്. ഭാരതി എയര്‍ടെലിന്റെ 11,68,689 കോടി രൂപയ്ക്കും എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ 10,97,187.39 കോടി രൂപയ്ക്കും പിന്നിലായിരിക്കും ജിയോയുടെ സ്ഥാനം. 16,27,693 കോടി രൂപ വിപണിമൂല്യമുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിപണിമൂല്യമുള്ള കമ്പനിയെന്ന ഒന്നാം സ്ഥാനം നിലനിര്‍ത്തും.


