ഇന്ത്യന്‍ പെയിന്റ് വിപണിയുടെ പകുതിയോളം നിയന്ത്രിക്കുന്ന ഏഷ്യന്‍ പെയിന്റ്‌സിനെയാണ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചത്.

ന്ത്യന്‍ പെയിന്റ് വിപണിയില്‍ വമ്പന്‍മാര്‍ക്ക് കാലിടറുന്നു. പുതിയ കമ്പനികള്‍ വില കുറച്ച് ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതും ഉപഭോക്താക്കള്‍ വില കുറഞ്ഞ ഉത്പന്നങ്ങളിലേക്ക് മാറുന്നതും പ്രമുഖ പെയിന്റ് നിര്‍മ്മാതാക്കള്‍ക്ക് കനത്ത തിരിച്ചടിയാകുകയാണ്ു. 2025 സാമ്പത്തിക വര്‍ഷത്തില്‍ പ്രമുഖ കമ്പനികളുടെ ലാഭത്തിലും വില്‍പ്പനയിലും ഗണ്യമായ കുറവുണ്ടായി. ഇന്ത്യന്‍ പെയിന്റ് വിപണിയുടെ പകുതിയോളം നിയന്ത്രിക്കുന്ന ഏഷ്യന്‍ പെയിന്റ്‌സിനെയാണ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചത്. നഗരങ്ങളിലെ ഡിമാന്‍ഡിലെ കുറവും പുതിയതും നിലവിലുള്ളതുമായ ബ്രാന്‍ഡുകളില്‍ നിന്നുള്ള കടുത്ത മത്സരവുമാണ് തിരിച്ചടിക്ക് കാരണമെന്ന് ഏഷ്യന്‍ പെയിന്റ്‌സ് വൈസ് ചെയര്‍മാന്‍ മനീഷ് ചോക്‌സി കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധി കാരണം വീടുകള്‍ പെയിന്റ് ചെയ്യുന്നത് പലരും നീട്ടിവെച്ചതും പ്രീമിയം വിഭാഗത്തില്‍ പോലും ഉപഭോക്താക്കള്‍ വില കുറഞ്ഞ ഉത്പന്നങ്ങളിലേക്ക് മാറിയതും തിരിച്ചടിയായി. 2.5% വില്‍പ്പന വര്‍ദ്ധനവ് ഉണ്ടായിട്ടും, ഏഷ്യന്‍ പെയിന്റ്‌സിന്റെ അലങ്കാര പെയിന്റ് ബിസിനസിന്റെ മൂല്യം 2025 സാമ്പത്തിക വര്‍ഷത്തില്‍ 5.7% കുറഞ്ഞു. ഇത് ഉപഭോക്താക്കള്‍ വില കുറഞ്ഞ ഉത്പന്നങ്ങളിലേക്ക് മാറിയത് കാരണമാണ്. ഗ്രാമീണ മേഖലയിലെ ആവശ്യം താരതമ്യേന സ്ഥിരമായിരുന്നെങ്കിലും, നഗരങ്ങളിലെ ഇടിവ് നികത്താന്‍ അത് മതിയായില്ല.

മറ്റ് പ്രമുഖ പെയിന്റ് കമ്പനികളായ നെറോലാക് പെയിന്റ്‌സ്, ബെര്‍ജര്‍ പെയിന്റ്‌സ് എന്നിവരും സമാനമായ പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. ഏഷ്യന്‍ പെയിന്റ്‌സ്, ബെര്‍ജര്‍ പെയിന്റ്‌സ്, കന്‍സായി നെറോലാക് എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യന്‍ പെയിന്റ് വിപണിയുടെ 75% നിയന്ത്രിക്കുന്നത്. എന്നാല്‍ കഴിഞ്ഞ അഞ്ച്-ആറ് വര്‍ഷത്തിനിടെ മത്സര രംഗം പാടെ മാറിമറിഞ്ഞു. പിഡിലൈറ്റ് (ഹൈഷ പെയിന്റ്‌സ്), ഗ്രാസിം (ബിര്‍ള ഓപസ്), ജെഎസ്ഡബ്ല്യു പെയിന്റ്‌സ് തുടങ്ങിയ പുതിയ കമ്പനികള്‍ വിപണിയിലേക്ക് കടന്നുവന്നു. കൂടാതെ ആസ്ട്രല്‍ (ജെം പെയിന്റ്‌സ്), ജെകെ സിമന്റ് (അക്രോ പെയിന്റ്‌സ്) എന്നിവയുടെ ഏറ്റെടുക്കലുകള്‍ വിപണിയെ കൂടുതല്‍ വിശാലമാക്കി. കഴിഞ്ഞയാഴ്ച ജെഎസ്ഡബ്ല്യു പെയിന്റ്‌സ് ഡ്യൂലക്‌സ് പെയിന്റ്‌സിന്റെ നിര്‍മ്മാതാക്കളായ അക്‌സോ നോബല്‍ ഇന്ത്യയുടെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്തിരുന്നു.

നിലവിലെ പ്രതിസന്ധികള്‍ക്കിടയിലും, പെയിന്റ് നിര്‍മ്മാതാക്കള്‍ 2026 സാമ്പത്തിക വര്‍ഷത്തില്‍ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു. നികുതി ഇളവുകള്‍, പണപ്പെരുപ്പം കുറയുന്നത്, മികച്ച മണ്‍സൂണ്‍ പ്രവചനം എന്നിവ നഗരങ്ങളിലെ ആവശ്യം വര്‍ദ്ധിപ്പിക്കുമെന്നും ഇത് വളര്‍ച്ചയ്ക്ക് സഹായിക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. ഐസിഐസിഐ ഡയറക്ട് റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യന്‍ പെയിന്റ്‌സ്, കോട്ടിംഗ്‌സ് വിപണിയുടെ നിലവിലെ മൂല്യം 9.6 ബില്യണ്‍ ഡോളറാണ്. ഇത് 2029 ഓടെ 9.38% വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ 15.04 ബില്യണ്‍ ഡോളറായി വളരുമെന്ന് പ്രവചിക്കപ്പെടുന്നു