അമേരിക്കയിൽ പലിശ നിരക്ക് കുറയ്ക്കില്ല എന്ന് അറിയിച്ചതോടെ ഏഷ്യൻ വിപണികൾ താഴേക്ക്. രൂപയുടെ മൂല്യം 80 കടന്നു

മുംബൈ: പണപ്പെരുപ്പം തടയാനായി ഉയർന്ന പലിശ നിരക്ക് തുടരുമെന്ന് യു എസ് ഫെഡ് അറിയിപ്പിനെ തുടർന്ന് ഏഷ്യൻ സൂചികകൾ എല്ലാം വീണു. ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്‌സ് 861 പോയന്റ് താഴ്ന്ന് 57,972ലും നിഫ്റ്റി 250 പോയന്റ് നഷ്ടത്തിൽ 17,312ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഏഷ്യൻ വിപണികൾ എല്ലാം തന്നെ ഒരു ശതമാനത്തിലധികം ഇടിഞ്ഞു. 

Read Also: അടിപതറി രൂപ, കരുത്ത് കാട്ടി ഡോളർ; ഏഷ്യൻ കറൻസികളിൽ തകർച്ച

ഐടി സൂചികയിൽ മൊത്തത്തിൽ 3.5 ശതമാനം നഷ്ടം രേഖപ്പെടുത്തി. ബാങ്കും മെറ്റലും താഴേക്ക് കൂപ്പുകുത്തി. ഇന്നത്തെ വ്യാപാരത്തിൽ ഒരു പരിധിവരെ സ്ഥിരത പുലർത്തുകയും 0.5% നേട്ടത്തോടെ അവസാനിക്കുകയും ചെയ്ത ഏക സൂചിക എഫ്എംസിജിയുടേത് ആയിരുന്നു. 

ടെക് മഹീന്ദ്ര, ഇൻഫോസിസ്, വിപ്രോ, എച്ച്‌സിഎൽ ടെക് എന്നിവ വിപണിയിൽ ഏറ്റവും വലിയ നഷ്ടം നേരിട്ടു. അതേസമയം. ബ്രിട്ടാനിയയും മാരുതിയും ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കി

പണപ്പെരുപ്പം നിയന്ത്രിക്കാൻ കുറച്ചു കാലത്തേക്ക് കൂടി യുഎസ് മോണിറ്ററി പോളിസി ആവശ്യമായി വരുമെന്ന് ജെറോം പവൽ പറഞ്ഞതിനെത്തുടർന്നാണ് ഏഷ്യൻ വിപണി ഉലഞ്ഞത്. ജപ്പാനിലെ നിക്കി ഓഹരി രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. ഷാങ്ഹായ് കോമ്പോസിറ്റ് ഇൻഡക്‌സ് 0.1% ഉയർന്നപ്പോൾ, ഹോങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക 0.7% ഇടിഞ്ഞു.

Read Also: ദീപാവലി പൊടിപൊടിക്കും; ജിയോ 5 ജി പ്രഖ്യാപിച്ച് മുകേഷ് അംബാനി

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. ജൂലായ് 19 നാണ് ഇതിനു മുൻപ് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 80.06 വരെ ഇടിഞ്ഞത്. അതിനുശേഷം ഇന്നാണ് രൂപ 80 കടക്കുന്നത് . 

യൂറോപ്യൻ ഓഹരികൾ ആറാഴ്ചയ്ക്കിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി.ജപ്പാനിലെ ബ്ലൂ-ചിപ്പ് നിക്കി 2.5 ശതമാനത്തിലധികം ഇടിഞ്ഞു. അതേസമയം എംഎസ്‌സിഐയുടെ ലോക ഇക്വിറ്റി സൂചിക 0.7 ശതമാനം ഇടിഞ്ഞ് ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി.