കടുത്ത നിലപാട് സാധാരണ ഗതിയില്‍ വിപണിയെ നിരാശപ്പെടുത്തേണ്ടതാണ്. എന്നാല്‍ തുടക്കത്തിലെ പ്രതികൂല പ്രതികരണത്തിനു ശേഷം യുഎസ് വിപണി ശക്തമായ വീണ്ടെടുപ്പും നടത്തി

കൊച്ചി : യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഉയർത്തിയിട്ടും ഓഹരി വിപണികൾ കുതിപ്പ് തുടരുകയാണ്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നാണ് നിക്ഷേപകർ പരസ്പരം ചോദിക്കുന്നത്. ഇതിന് മൂന്നു കാരണങ്ങൾ ഉണ്ടെന്ന് പറയുകയാണ് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ വികെ വിജയകുമാര്‍.


മാര്‍ച്ച് 16 ന് യുഎസ് കേന്ദ്ര ബാങ്ക് 0.25 va പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. ഈ വര്‍ഷം 6 തവണ കൂടി നിരക്കു വര്‍ധിപ്പിക്കുന്നതോടെ പലിശ നിരക്ക് രണ്ട് ശതമാനമായി ഉയരും. ഇത് പ്രതീക്ഷിച്ചതുമല്ല. ഈ കടുത്ത നിലപാട് സാധാരണ ഗതിയില്‍ വിപണിയെ നിരാശപ്പെടുത്തേണ്ടതാണ്. എന്നാല്‍ തുടക്കത്തിലെ പ്രതികൂല പ്രതികരണത്തിനു ശേഷം യുഎസ് വിപണി ശക്തമായ വീണ്ടെടുപ്പും നടത്തി. എസ്ആന്റ്പി 500 ഉം നാസ്ഡാകും യഥാക്രമം 2.24 ശതമാനവും 3.7 ശതമാനവും വീതം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 

ഇത്തരത്തിൽ പ്രതികൂല സാഹചര്യത്തിലും വിപണി മുന്നോട്ട് പോകാൻ മൂന്ന് കാരണങ്ങളുണ്ട്. ഒന്നാമത്, പണ നയ പ്രഖ്യാപനത്തിനു ശേഷം നടന്ന പത്രസമ്മേളനത്തില്‍, കടുത്ത പണ നയം താങ്ങാവുന്ന വിധത്തിൽ സമ്പദ് വ്യവസ്ഥ വളരെ ശക്തവും നല്ല അവസ്ഥയിലും ആണെന്ന് യുഎസ് കേന്ദ്ര ബാങ്ക് മേധാവി ജെറോം പവെല്‍ പറഞ്ഞിരുന്നു. ഈ പ്രഖ്യാപനം വിപണിക്ക് ആത്മവിശ്വാസം പകര്‍ന്നു.

രണ്ട്, വിപണികളില്‍ വില്‍പനയുടെ തോത് അമിതമായിരുന്നു. ഈ അവസ്ഥയില്‍ അനുകൂല സാഹചര്യമുണ്ടായാല്‍ വിപണിയില്‍ ശക്തമായ തിരിച്ചു വരവുണ്ടാകും. മൂന്ന്, ഈ വര്‍ഷം തന്നെ ഏഴ് നിരക്ക് വര്‍ധനകള്‍ ഉണ്ടാകുമെന്ന കേന്ദ്ര ബാങ്കിന്റെ സൂചന അനിശ്ചിതത്വം ഇല്ലാതാക്കി. നിശ്ചിതത്വം വിപണിക്ക് ഇഷ്ടമാണ്. അതുണ്ടാക്കാന്‍ യുഎസ് കേന്ദ്ര ബാങ്കിന്റെ പ്രസ്താവനയ്ക്കു കഴിഞ്ഞു.

യുഎസ് കേന്ദ്ര ബാങ്കിന്റെ കടുത്ത നിലപാടുകള്‍ സാധാരണ ഗതിയില്‍ ഓഹരി വിപണിക്കു പ്രതികൂലമാണെന്നു പറയുമെങ്കിലും, മുന്‍ അനുഭവങ്ങള്‍ വ്യക്തമാക്കുന്നത് നിരക്കു വര്‍ധനയ്ക്കു ശേഷം വിപണി തിരിച്ചു വരുന്നതായിട്ടാണ്. നിരക്കു വര്‍ധന നടപ്പാക്കുന്നത് സാമ്പത്തിക വളര്‍ച്ചാ വീണ്ടെടുപ്പിന്റെ ഘട്ടത്തിലാണ്. സാമ്പത്തിക വളര്‍ച്ച സൃഷ്ടിക്കുന്ന കോര്‍പറേറ്റ് ലാഭ വര്‍ധന വിപണിക്ക് അനുകൂലമാണ്.

വിപണിയുടെ കാഴ്ചപ്പാടില്‍ ഇന്ത്യയില്‍ ഇപ്പോള്‍ സംഭവിക്കുന്ന പ്രധാന അനുകൂല നീക്കം തുടര്‍ച്ചയായ ഓഹരി വില്‍പനയ്ക്കു ശേഷം വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ വാങ്ങുന്നവരായി മാറിയിരിക്കുന്നു എന്നതാണ്. പ്രതിദിനം 4000 കോടി രൂപ മുതല്‍ 7000 കോടി രൂപ വരെ വില്‍പന നടത്തിയ പോര്‍ട് ഫോളിയോ നിക്ഷേപകര്‍ മാര്‍ച്ച് 16നും 17നും ഓഹരി വാങ്ങുന്നവരായി മാറി. വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകരുടെ നിരന്തരമായ വില്‍പന വിപണിയെ കാര്യമായി ബാധിച്ചില്ല എന്ന പുതിയ പ്രതിഭാസം ഭാവിയില്‍ ഇന്ത്യന്‍ വിപണിയില്‍ അനുരണനങ്ങളുണ്ടാക്കും.

ഉയര്‍ന്ന നിലയില്‍ നിന്ന് നിഫ്റ്റി 15 ശതമാനം തിരുത്തിയത് വാല്യുവേഷന്‍സില്‍ അല്‍പം കുറവു വരുത്തിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ വിപണിയിലെ ഉയര്‍ച്ച വാല്യുവേഷന്‍സിനെ വീണ്ടും ഉയര്‍ത്തിയിരിക്കയാണ്. അതിനാല്‍ അനിശ്ചിതത്വത്തിന്റെ ഈ ഘട്ടത്തില്‍ വളര്‍ച്ചാ സാധ്യതയ്ക്കു പകരം വിപണിയിലെ വിലകളാണ് നിക്ഷേപകര്‍ പരിഗണിക്കേണ്ടത്. വളര്‍ച്ചയ്ക്കു പകരം മൂല്യം എന്നത് ആഗോള പ്രതിഭാസമാണ് ഇപ്പോള്‍. ഇന്ത്യയിലാണെങ്കില്‍, ധനകാര്യ ഓഹരികളുടെ വിലകള്‍ ഇപ്പോള്‍ ആകര്‍ഷണീയമാണ്. തുടര്‍ച്ചയായ വിദേശ പോർട്ഫോളിയോ വില്‍പന കാരണം ഉന്നത നിലവാരമുള്ള ബാങ്കുകളുടേയും ഹൗസിംഗ് ഫൈനാന്‍സ് കമ്പനികളുടേയും വിലകള്‍ താഴോട്ടു വന്നിരുന്നു. ഈ ഓഹരികള്‍ ഇപ്പോള്‍ നിക്ഷേപത്തിനു നല്ലതാണ്. വായ്പാ ആവശ്യം വര്‍ധിക്കുന്നതും നിഷ്‌ക്രിയ ആസ്തികള്‍ കുറയുന്നതും ബാങ്കുകളെ സംബന്ധിച്ചേടത്തോളം ഗുണകരമാണ്. പ്രത്യേകിച്ച് വേണ്ടത്ര മൂലധനമുള്ള പ്രമുഖ സ്വകാര്യ ബാങ്കുകള്‍ക്കും ചില പൊതുമേഖലാ ബാങ്കുകള്‍ക്കും ഇതു കാര്യമായ ഗുണം ചെയ്യും. ഐടി ഓഹരികള്‍ക്കു വിലകള്‍ കൂടുതലാണ്. എങ്കിലും ഈ മേഖലയില്‍ വര്‍ഷങ്ങള്‍ നീളുന്ന ഉയര്‍ന്ന വളര്‍ച്ചാ സാധ്യത ഉള്ളതിനാല്‍ ഉറപ്പായ നേട്ടങ്ങള്‍ ഉയര്‍ന്ന വിലകളെ ന്യായീകരിക്കുന്നു. കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട മേഖലകള്‍, ഫാര്‍മ, സ്‌പെഷ്യാലിറ്റി കെമിക്കല്‍സ് എന്നീ മേഖലകള്‍ ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.