നമ്മുടെ നാട്ടിലെ പ്രയോഗം അനുസരിച്ച് വാലറ്റ് എന്നാല്‍ പഴ്‌സെന്നര്‍ഥം. പണം സൂക്ഷിക്കുന്ന പഴ്‌സ്. മൊബൈല്‍ വാലറ്റും അതുതന്നെ. പണം കറന്‍സിയായി സൂക്ഷിക്കേണ്ടെന്നുമാത്രം. സാധനം വാങ്ങാനായാലും കടം കൊടുക്കാനായാലും ഒരൊറ്റ മേസെജിലൂടെ കാര്യം നടക്കും. കറന്‍സി നിരോധനത്തിനുശേഷം രാജ്യത്ത് മൊബൈല്‍ വാലറ്റ് ഉപയോഗം 1000 ശതമാനം കൂടിയെന്നാണ് ടെലികോം കമ്പനികള്‍ പറയുന്നത്. മൊബൈല്‍ വാലറ്റ് ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് 300 ശതമാനം വര്‍ധിച്ചു. ന്യൂ ജനറേഷന്‍ ട്രെന്‍ഡായി പോലും മൊബൈല്‍ വാലറ്റുകള്‍ മാറുന്നു.

നഗരങ്ങളിലേയും പട്ടണങ്ങളിലേയും ചെറിയ കടകള്‍ പോലും മൊബൈല്‍ വാലറ്റിലേക്ക് നീങ്ങുകയാണ്. ചില്ലറ പെറുക്കേണ്ട, കള്ള നോട്ടുകളെയേും വലിയ നോട്ടുകളെയും പേടിക്കുകയും വേണ്ട. രാജ്യത്തെ പ്രതിദിന വാലറ്റ് ഇടപാട് 75 കോടി വരുമെന്നാണ് ധനകാര്യ ഏജന്‍സികളുടെ കണക്ക്. വരും ആഴ്ചകളില്‍ ഇത് വ‍ര്‍ധിക്കും. മൊബൈല്‍ വാലറ്റില്‍ പേടിഎം തരംഗമുണ്ടെങ്കിലും സ്വകാര്യ ടെലികോം കമ്പനികളടക്കമുളളവ വാലറ്റുകളുമായി രംഗത്തുണ്ട്.