ദില്ലി: രാജ്യത്ത് ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് പ്രത്യേക കമ്പനികളുടെ മരുന്നുകള്‍ കുറിച്ച് നല്‍കുന്നതിന് പകരം ജെനറിക് മരുന്നുകള്‍ നിര്‍ദ്ദേശിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനറിക് പേരുകള്‍ നിര്‍ബന്ധമാക്കുന്ന തരത്തില്‍ പുതിയ നിയമം കൊണ്ടുവരുമെന്ന സൂചനയും ഇന്ന് സൂറത്തിലെ ഒരു ആശുപത്രി ഉദ്ഘാടനം ചെയ്യവെ പ്രധാനമന്ത്രി നല്‍കി.

രാജ്യത്ത് 15 വര്‍ഷത്തിന് ശേഷം തന്റെ സര്‍ക്കാറാണ് ഒരു ആരോഗ്യ നയം കൊണ്ടുവന്നതെന്നും മരുന്നുകളുടെയും സ്റ്റെന്റുകളുടെയും പരമാവധി വിലയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക വഴി താന്‍ മരുന്നുകമ്പനികളുടെ കണ്ണിലെ കരടായി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡോക്ടര്‍മാരുടെ കുറിപ്പടികള്‍ സാധാരണക്കാരന് വായിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ടുതന്നെ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് വിലകൂടിയ ബ്രാന്റഡ് മരുന്നുകള്‍ വാങ്ങാന്‍ പാവപ്പെട്ട രോഗികള്‍ നിര്‍ബന്ധിതരാകുന്നു. ഇതിന് ഒരു പരിഹാരമെന്ന നിലയില്‍ ഡോക്ടര്‍മാര്‍ ജനറിക് മരുന്നുകള്‍ എഴുതണമെന്ന നിയമം കൊണ്ടുവരും. ഏത് കമ്പനിയുടെ മരുന്നും വാങ്ങാമെന്ന സ്ഥിതിയുണ്ടാകുമ്പോള്‍ വില കുറഞ്ഞ മരുന്നുകള്‍ വാങ്ങാന്‍ കഴിയും.

കുറച്ച് ഡോക്ടര്‍മാകും ആശുപത്രികളും വിലകൂടിയ മരുന്നുകളുമുള്ള നമ്മുടെ രാജ്യത്ത് ചികിത്സ വളരെ ചിലവേറിയ കാര്യമായി മാറുകയാണ്. ഇടത്തരം സാമ്പത്തിക സ്ഥിതിയിലുള്ള ഒരാള്‍ രോഗിയായാല്‍ പിന്നെ വീട് വെയ്ക്കാനോ മകളുടെ വിവാഹം നടത്താനോ കഴിയാത്ത സ്ഥിതിയുണ്ടാകുന്നു. കുറഞ്ഞ ചിലവില്‍ എല്ലാവര്‍ക്കും ചികിത്സ ലഭ്യമാക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണ്. നേരത്തെ വാജ്പേയി സര്‍ക്കാറാണ് രാജ്യത്ത് ഒരു ആരോഗ്യ നയം രൂപീകരിച്ചതെന്നും പിന്നീട് വന്ന സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും മോദി കുറ്റപ്പെടുത്തി.