ദില്ലി: രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ആദ്യമായിട്ടല്ല 5.7 ലേക്ക് എത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു പാദത്തിലെ സാമ്പത്തിക വളര്‍ച്ച മാത്രം കണക്കാക്കരുത്. ജി.ഡി.പി താഴുന്നത് ആദ്യ സംഭവമല്ല. നോട്ട് നിരോധനവും ജിഎസ്ടി നടപ്പിലാക്കിയതും ശരിയായ നടപടികളായിരുന്നു. ജിഎസ്ടി മൂന്ന് മാസം കഴിഞ്ഞ് വിലയിരുത്തും. അതിന് ശേഷം ആവശ്യമെങ്കില്‍ മാറ്റം കൊണ്ടുവരുമെന്നും മോദി പറഞ്ഞു.

കളളപണം തടയാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികളെടുത്തു. താന്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ യുപിഎ സര്‍ക്കാരിന് ധൈര്യമില്ലായിരുന്നു. വിമർശനങ്ങൾക്ക് ആധാരം വസ്തുതകളല്ല, വികാരമാണ്. കള്ളപ്പണം ഇല്ലാതാക്കുകയെന്നത് ചെറിയ കാര്യമല്ല. താനൊരു സാമ്പത്തിക വിദഗ്ധനല്ല, അങ്ങനെ അവകാശപ്പെട്ടിട്ടുമില്ലെന്നും മോദി പറഞ്ഞു. ദില്ലിയില്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറി ഓഫ് ഇന്ത്യയുടെ രജതജൂബിലി ആഘോഷച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.