കൊച്ചി:പെട്രോൾ- ഡീസൽ വില കുതിക്കുന്നതോടെ  കൊച്ചി നഗരത്തിൽ സിഎൻജി ഉപഭോക്താക്കളുടെ എണ്ണത്തിൽ വർധനവ്. ഓട്ടോറിക്ഷ,ടാക്സി കാറുകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആയിരത്തോളം വാഹനങ്ങൾ നഗരത്തിൽ സിഎൻജിയിലേക്ക് മാറി കഴിഞ്ഞു. പ്രകൃതി വാതകത്തിന് ആവശ്യക്കാര്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടുത്ത വർഷം മാർച്ച് മാസത്തോടെ 12 സിഎൻജി സ്റ്റേഷനുകൾ കൂടി എറണാകുളം ജില്ലയിൽ പ്രവർത്തനം തുടങ്ങുമെന്ന് ഇന്ത്യൻ ഓയിൽ അദാനി കമ്പനി അറിയിച്ചു.

കൊച്ചി നഗരത്തിൽ നിലവിൽ പ്രവർത്തിക്കുന്ന മൂന്ന് സിഎൻജി പമ്പുകളിലും നല്ല തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ഇന്ധന വില അടിക്കടി കൂടുന്നതോടെ കൂടുതൽ പേർ സിഎൻജിയിലേക്ക് മാറുകയാണ്. 2009 മോഡൽ,1200 സിസിക്ക് താഴെയുള്ള വാഹനങ്ങൾ സിഎൻജിയിലേക്ക് മാറണമെങ്കിൽ ചിലവാക്കേണ്ടത് 35,000 രൂപ. പുതിയ മോഡൽ കാറുകൾക്ക് 60,000 രൂപ മുടക്കണം. പെട്രോളിലും,സിഎൻജിയിലും കാർ മാറി മാറി ഓടിക്കാം. കൊച്ചി നഗരം വിട്ട് പോകേണ്ടി വന്നാലും പേടിക്കേണ്ടെന്ന് ചുരുക്കം.

ഓരോ സിഎൻജി സ്റ്റേഷനുകളിലും പ്രതിദിനം 900 മുതൽ 1300 കിലോഗ്രാം വരെ വിറ്റു പോകുന്നു. ഇപ്പോൾ ഓൺലൈൻ ടാക്സികളും സിഎൻജിയിലേക്ക് ചുവട് മാറ്റുകയാണ്. പുതിയ പ്രവണത കണക്കിലെടുത്ത്  കൂടുതൽ സിഎൻജി വാഹനങ്ങൾ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് വാഹന നിർമ്മാതാക്കളും. വിലക്കുറവ് മാത്രമല്ല, നഗരത്തിൽ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിലും വരും കാലങ്ങളിൽ സിഎൻജി വഹിക്കുക വലിയ പങ്ക് തന്നെയാകും.