ദില്ലി: രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി കൂടുതല്‍ ഭദ്രമാണെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്പത്തിക വര്‍ഷത്തിലെ ഒരു പാദത്തിലെ വളര്‍ച്ച നോക്കിയല്ല, സാമ്പത്തിക സാമ്പത്തിക സ്ഥിതി വിലയിരുത്തേണ്ടതെന്നും ജി.എസ്.ടിയില്‍ ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഒന്നും ചെയ്യാന്‍ കഴിയാത്തതിന്റെ നിരാശയാണ് പ്രതിപക്ഷത്തിനെന്നും ദില്ലിയില്‍ കമ്പനി സെക്രട്ടറിമാരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി പരിസഹിച്ചു.

സാമ്പത്തിക മാന്ദ്യം, എണ്ണവില വര്‍ദ്ധന ഉള്‍പ്പടെയുള്ള പ്രശ്നങ്ങളില്‍ ബി.ജെ.പിക്കുള്ളില്‍ തന്നെ സര്‍ക്കാരിനെതിരെയുള്ള ചര്‍ച്ചകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സാമ്പത്തിക സ്ഥിതിയെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയത്. സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ വളര്‍ച്ച കുറഞ്ഞത് പൊതുസ്ഥിതിയായി കണക്കാക്കരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടുത്ത പാദത്തില്‍ വളര്‍ച്ച 7.7 ശതമാനമാകുമെന്ന് ആര്‍.ബി.ഐ തന്നെ പ്രവചിക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വളര്‍ച്ചാനിരക്ക് 5.7 ശതമാനത്തിന് താഴേക്ക് എട്ടുതവണ പോയിട്ടുണ്ടെന്നും മോദി വിമര്‍ശിച്ചു. ഇപ്പോള്‍ പ്രതിപക്ഷം വിമര്‍ശക്കുന്നത് നിരാശകൊണ്ടാണ്.

നോട്ട് അസാധുവാക്കലും, ജി.എസ്.ടിയും ഈ സര്‍ക്കാരിന്റെ ഏറ്റവും ധീരമായ തീരുമാനങ്ങളുമായിരുന്നു. നോട്ട് അസാധുവാക്കലിന് ശേഷം കറന്‍സി ഇടപാടുകള്‍ 14 ശതമാനം കുറഞ്ഞു. കറന്‍സി-ജി.ഡി.പി അന്തരം 12 ശതമാനത്തില്‍ നിന്ന് ഒന്‍പത് ശതമാനത്തിലേക്ക് എത്തി. ജി.എസ്.ടിയുടെ ആദ്യ മൂന്നുമാസത്തെ സാഹചര്യങ്ങള്‍ വിലയിരുത്തി ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരും. പി.എഫ് നിക്ഷേപത്തില്‍ 4.8 ലക്ഷം കോടി രൂപയുടെ വര്‍ദ്ധന ഉണ്ടായത് തൊഴില്‍സംരംഭം വളരുന്നു എന്നതിന്റെ ലക്ഷണമാണ്. റോഡ്, റെയില്‍, ഷിപ്പിങ്, വിദേശനിക്ഷേപം, കാര്‍ഷികരംഗം ഉള്‍പ്പടെ സമസ്ഥ മേഖലകളിലും വളര്‍ച്ച പ്രകടമാണ്. 2022 ഓടെ എല്ലാ വ്യാജകമ്പനികളും അടച്ചുപൂട്ടും. മൂന്നുവര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷം കമ്പനികള്‍ സര്‍ക്കാര്‍ പൂട്ടിയിട്ടും ആരും പ്രതിഷേധിക്കാത്തത് അതൊക്കെ കള്ളപ്പണക്കാരുടെ കമ്പനികളായതുകൊണ്ടാണെന്നും മോദി വിമര്‍ശിച്ചു.