കോഴിക്കോട്: ആയിരത്തില്‍പ്പരം കോടി രൂപയെങ്കിലും ബജറ്റില്‍ നീക്കിവച്ചാല്‍ മാത്രമേ ദേശീയപാതാ വികസനമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയം പ്രാബല്യത്തില്‍ വരൂ. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട എതിര്‍പ്പുകളെ മറികടക്കാന്‍ ജനപ്രിയ പാക്കേജുകളും വേണ്ടിവരും. 45 മീറ്റര്‍ വീതി കേരളത്തില്‍ പ്രായോഗികമാകുമോയെന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്.

ദേശീയപാതാ വികസനത്തിനായി സര്‍ക്കാര്‍ കൈയും തലയും മുറുക്കി ഇറങ്ങുമ്പോള്‍ പ്രതിഷേധവും ഒരു ഭാഗത്തുനിന്ന് ഉയരുകയാണ്. സ്ഥലമേറ്റെടുപ്പിനായി ഇവിടേയ്ക്കു വരേണ്ടെന്ന ബോര്‍ഡുകള്‍ ദേശീയപാതയോരത്തുള്ള വീടുകള്‍ക്കു മുന്നില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. ഈ പ്രതിഷേധങ്ങള്‍ ഇല്ലാതാക്കാന്‍തക്ക പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമോ എന്നതാണു ചോദ്യം.

കാസര്‍ഗോട്ടെ തലപ്പാടി മുതല്‍ തിരുവനന്തപുരം കഴക്കൂട്ടം വരെ ഏറ്റെടുക്കേണ്ടത് 1233.24 ഹെക്ടര്‍ ഭൂമിയാണ്. നിയമസഭയില്‍ ഏറ്റവുമൊടുവില്‍ അവതരിപ്പിച്ച കണക്ക് പ്രകാരം ഏറ്റെടുത്തതാവട്ടെ 209.54 ഹെക്ടര്‍ സ്ഥലം മാത്രം. 2007ല്‍ നിജപ്പെടുത്തിയ ഭൂമി വില അപര്യാപ്തമാണെന്നും നെഗോഷ്യബിള്‍ പര്‍ച്ചേസ് ആക്ട് പ്രകാരം ഭൂമി ഏറ്റെടുക്കണമെന്നുമുള്ള നിര്‌ദ്ദേശങ്ങള്‍ ഉയരുന്നുണ്ട്.

ദേശീയപാതാ വികസനം ബിഒടി അടിസ്ഥാനത്തില്‍ വന്‍കിട കമ്പനികള്‍ക്ക് കൈമാറിയേക്കുമെന്ന സൂചനകള്‍ക്കിടെ സര്‍ക്കാരില്‍നിന്നു കിട്ടാനുള്ള കുടിശികയുടെ കണക്കുമായി കോണ്‍ട്രാക്ടരുമാര്‍ രംഗത്തെത്തിക്കഴിഞ്ഞു. വിവിധ വകുപ്പുകളിലായി 2500 ഓളം കോടി രൂപ കഴിഞ്ഞ സര്‍ക്കാരില്‍നിന്നു കിട്ടാനുണ്ടെന്നാണ് ഓള്‍ കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ പറയുന്നത്.