ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് യാത്ര ചെയ്യുന്നവർക്ക് 200, 500 രൂപയുടെ ഇന്ത്യൻ നോട്ടുകൾ ഇനി കൈവശം വെക്കാം. നേപ്പാൾ രാഷ്ട്ര ബാങ്കിന്റെ പുതിയ മാർഗനിർദേശപ്രകാരം ഒരാൾക്ക് 25,000 രൂപ വരെയാണ് പരിധി. ഈ തീരുമാനം ഇന്ത്യ-നേപ്പാൾ യാത്രയും വ്യാപാരവും കൂടുതൽ സുഗമമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് യാത്ര ചെയ്യുന്നവർക്കും അതിർത്തി വ്യാപാരവുമായി ബന്ധപ്പെട്ടവർക്കും ആശ്വാസകരമായ തീരുമാനവുമായി നേപ്പാൾ സർക്കാർ. ഇന്ത്യയുടെ 200, 500 രൂപയുടെ നോട്ടുകൾ നിശ്ചിത പരിധിക്കുള്ളിൽ രാജ്യത്തേക്ക് കൊണ്ടുവരാനും പുറത്തേക്ക് കൊണ്ടുപോകാനും ഇനി അനുമതിയുണ്ടെന്ന് നേപ്പാൾ രാഷ്ട്ര ബാങ്ക് പുതിയ മാർഗനിർദേശത്തിൽ വ്യക്തമാക്കി. 2016 നവംബർ 9- നോ അതിനുശേഷമോ പുറത്തിറക്കിയ ഈ നോട്ടുകൾക്ക് മാത്രമാണ് പുതിയ ഇളവ് ബാധകമാകുക.

25,000 രൂപവരെ കൈവശം വയ്ക്കാം

പുതിയ നിയമപ്രകാരം ഇന്ത്യൻ, നേപ്പാളി പൗരന്മാർക്ക് ഒരാൾക്ക് പരമാവധി 25,000 രൂപവരെ 200, 500 രൂപ നോട്ടുകളായി കൈവശം വയ്ക്കുകയോ അതിർത്തിയിലൂടെ കൊണ്ട് പോവുകയോ ചെയ്യാം. ഇന്ത്യയിൽ 2016 -ൽ നടപ്പാക്കിയ നോട്ടുനിരോധനത്തിന് പിന്നാലെ ഉയർന്ന മൂല്യമുള്ള ഇന്ത്യൻ നോട്ടുകൾക്ക് നേപ്പാളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ പ്രധാനപ്പെട്ട ഇളവായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്. അതേസമയം, പഴയ സീരീസിലെ അസാധുവാക്കിയ 500, 1,000 രൂപാ നോട്ടുകൾക്ക് ഇളവ് ബാധകമല്ലെന്നും നേപ്പാൾ രാഷ്ട്ര ബാങ്ക് വ്യക്തമാക്കി.

പണമിടപാട് എളുപ്പത്തിലാക്കും

പുതിയ തീരുമാനം ഇന്ത്യ – നേപ്പാൾ അതിർത്തി മേഖലയിലെ യാത്ര, വിനോദസഞ്ചാരം, ചെറുകിട വ്യാപാരം എന്നിവ കൂടുതൽ സുഗമമാക്കുമെന്നാണ് കരുതപ്പെടുന്നത്. ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്കിടയിൽ ദൈനംദിന ആവശ്യങ്ങൾക്കും യാത്രാചെലവുകൾക്കും ഇന്ത്യൻ കറൻസി വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തിൽ പുതിയ മാർഗനിർദേശം പ്രായോഗിക ബുദ്ധിമുട്ടുകൾ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു, നിലവിലുള്ള വിദേശനാണ്യ ചട്ടങ്ങൾക്ക് അനുസൃതമായാണ് പുതിയ തീരുമാനം നടപ്പാക്കുന്നതെന്നും നേപ്പാൾ രാഷ്ട്ര ബാങ്ക് വ്യക്തമാക്കി. ഇന്ത്യയുമായുള്ള സാമ്പത്തിക ഇടപാടുകളും അതിർത്തി മേഖലയിലെ ധനവിനിമയവും കൂടുതൽ എളുപ്പമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ മാറ്റമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇനി നേപ്പാളിലേക്ക് പോകുമ്പോൾ കൈയിലുള്ള ഇന്ത്യൻ കറന്‍സിയുടെ സീരീസുകളും ശ്രദ്ധിക്കുക.