ന്യൂ ഡല്‍ഹി: മാഗി ന്യൂഡില്‍സില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ ചാരം (ash) കണ്ടെത്തിയതിനെ തുടര്‍ന്ന് നെസ്‍ലെ ഇന്ത്യ ലിമിറ്റഡിന് 45 ലക്ഷം പിഴ ശിക്ഷ വിധിച്ചു. ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ നടത്തിയ പരിശോധനയിലാണ് ചാരം കണ്ടെത്തിയത്. എന്നാല്‍ മാഗി പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും ഇപ്പോഴത്തെ സംഭവത്തിന് കാരണമായി പറയുന്ന ന്യൂഡില്‍സ് സാമ്പിള്‍ 2015ലേതാണെന്നുമാണ് കമ്പനി വിശദീകരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് നെസ്‍ലെ ഇന്ത്യക്ക് 45 ലക്ഷം പിഴ ശിക്ഷ വിധിച്ചത്. ഇതിന് പുറമെ കമ്പനിയുടെ മൂന്ന് വിതരണക്കാര്‍ക്ക് 15 ലക്ഷം വീതവും രണ്ട് ചില്ലറ വില്‍പ്പനക്കാര്‍ക്ക് 11 ലക്ഷം വീതവും പിഴ ചുമത്തിയിട്ടുണ്ട്. 2015ല്‍ ജില്ലാ ഭരണകൂടം പിടിച്ചെടുത്ത ഏഴ് സാമ്പിളുകള്‍ സംബന്ധിച്ച വിധിയാണിതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2016ല്‍ ഇവയുടെ പരിശോധനാ ഫലം പുറത്തുവന്നതിന് ശേഷം കമ്പനിക്കെതിരെ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 

എന്നാല്‍ തങ്ങളുടെ ന്യൂഡില്‍സിന്റ നിര്‍മ്മാണ ഘട്ടത്തില്‍ എവിടെയും ചാരം ഉപയോഗിക്കുന്നില്ലെന്നും മാഗി 100 ശതമാനം ഭക്ഷ്യ യോഗ്യമാണെന്നുമാണ് നെസ്‍ലെ കമ്പനി വക്താവ് അറിയിച്ചത്. 2015ല്‍ അനുവദനീയമായതില്‍ കൂടുതല്‍ ലെഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് മാഗിയുടെ വിപണനം തടഞ്ഞിരുന്നു. തുടര്‍ന്ന് 38,000 ടണ്‍ ന്യൂഡില്‍സാണ് സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് നെസ്‍ലേക്ക് നശിപ്പിച്ച് കളയേണ്ടി വന്നത്.