ന്യൂഡല്‍ഹി: ചെറുകിട മേഖലക്കും കയറ്റുമതിക്കും ജി.എസ്.ടി ഇളവുകൾ പ്രഖ്യാപിച്ചു. ചെറുകിട വ്യാപാരികൾക്കുള്ള കോമ്പൗണ്ടിംസ് പദ്ധതിയുടെ പരിധി ഒരു കോടി രൂപയാക്കി. 27 ഉല്പനങ്ങളുടെ നികുതി കുറച്ചു. കയര്‍, ഗ്യാസ് സ്റ്റൗ, ഗൃഹോപകരണ സാധനങ്ങൾ എന്നിവയുടെ നികുതി വില കുറയും. രണ്ട് ലക്ഷം വരെ സ്വര്‍ണ്ണം വാങ്ങുന്നതിന് പാൻകാര്‍ഡ് നൽകേണ്ട.
സാമ്പത്തിക മാന്ദ്യത്തിന് കാരണം ജി.എസ്.ടിയാണെന്ന വിമര്‍ശനങ്ങൾ ശക്തമായ സാഹചര്യത്തിലാണ് ജി.എസ്.ടിയിൽ വലിയ ഇളവുകൾ ദില്ലിയിൽ നടന്ന കൗണ്‍സിൽ യോഗത്തിന് ശേഷം കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പ്രഖ്യാപിച്ചത്. ചെറുകിട മേഖലയിൽ 75 ലക്ഷം വരെയുള്ള കോമ്പൗണ്ടിംഗ് പദ്ധതിയുടെ പരിധി ഒരു കോടി രൂപവരെയാക്കി. ഒന്നര കോടി രൂപവരെ വിറ്റുവരവുള്ള വ്യാപാര-വ്യവസായങ്ങൾ മൂന്നുമാസത്തിലൊരിക്കൽ റിട്ടേണ്‍ നൽകിയാൽ മതി.
കയറ്റുമതിക്ക് ജൂലായ് മാസത്തെ നികുതി ഒക്ടോബര്‍ 10 മുതലും ഓഗസ്റ്റ് മാസത്തെ നികുതി ഒക്ടോബര്‍ 18 മുതലും തിരിച്ചുനൽകും. എ.സി-നോണ്‍ എ.സി റെസ്റ്റോറന്‍റുകളുടെ നികുതി 12 ശതമാനമാക്കി പരിഷ്‍കരിക്കുന്നതിനായി മന്ത്രിതല സമിതിക്ക് രൂപം നൽകും. 27 ഉല്പന്നങ്ങളുടെ നികുതി കുറക്കാനും ജി.എസ്.ടി കൗണ്‍സിൽ യോഗം തീരുമാനിക്കും. പാക്കറ്റ് മാങ്ങാപ്പഴം, പാക്കറ്റ് ചപ്പാത്തി, കുട്ടികൾക്കുള്ള പാക്കറ്റ് ഭക്ഷണം, ബ്രാന്റ് അല്ലാത്ത പലഹാരങ്ങൾ, ബ്രാന്‍റ് അല്ലാത്ത ആയുര്‍വേദ മരുന്നുകൾ, പ്ളാസ്റ്റിക്-പേപ്പര്‍ വേസ്റ്റ്, കൈകൊണ്ടുനെയ്യുന്ന കയറുല്‍പ്പനങ്ങൾ, ഇമിറ്റേഷൻ ആഭരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ നികുതി 5 ശതമാനമാക്കി കുറച്ചു.
നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന മാര്‍ബിളല്ലാത്ത കല്ലുകൾ, ഡീസൽ എൻജിൻ സാമഗ്രികൾ, മോട്ടോര്‍ പമ്പ് സാമഗ്രികൾ, ക്ളിപ്പ്, പിൻ ഉൾപ്പടെയുള്ള സ്റ്റേഷനുകൾ എന്നിവയുടെ നികുതി 28ൽ നിന്ന് 18 ശതമാനമാക്കി. ഈ ഉല്പന്നങ്ങളുടെ വില കുറയും. അടുത്ത ജി.എസ്.ടി കൗണ്‍സിൽ യോഗം ഗുവാഹത്തിയിൽ നടത്താനും തീരുമാനിച്ചു.
