കൊച്ചി: ലയനത്തിന്റെ ഭാഗമായി എസ്ബിഐ ആയി മാറിയ 1200 എസ്ബിടി ശാഖകള്‍ക്ക് പുതിയ ഐഎഫ്എസ് (ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ സിസ്റ്റം) കോഡ്. കഴിഞ്ഞയാഴ്ച ഡേറ്റാ ലയനം പൂര്‍ത്തിയായതോടെയാണ് പുതിയ കോഡും ശാഖകള്‍ക്ക് നല്‍കിയത്. ജൂണ്‍ 30 വരെ പഴയ ഐഎഫ്എസ് കോഡ് തന്നെ ഇടപാടുകാര്‍ക്ക് ഉപയോഗിക്കാം.

സബ്‌സിഡിക്കും സ്‌കോളര്‍ഷിപ്പിനും മറ്റുമായി അക്കൗണ്ട് ലിങ്കിങ്, ഓണ്‍ലൈന്‍ പണമിടപാടുകള്‍, അക്കൗണ്ട് വഴിയുള്ള ശമ്പളം, പെന്‍ഷന്‍ തുടങ്ങിയവയ്‌ക്കൊക്കെ ഐഎഫ്എസ് കോഡ് കൂടിയേ തീരൂ. ഒരു ബാങ്ക് ശാഖയെ തിരിച്ചറിയുന്ന ഐഎഫ്എസ് കോഡും അക്കൗണ്ട് നമ്പറും മാത്രം ഉണ്ടെങ്കില്‍ പണം കൈമാറ്റം എളുപ്പമാക്കുന്നതിനാല്‍ മിക്ക ഇടപാടുകള്‍ക്കും കോഡ് നിര്‍ബന്ധമാണ്.

പുതിയ കോഡ് ഇപ്പോഴേ ഉപയോഗിച്ചു തുടങ്ങുന്നതാണ് അഭികാമ്യമെന്ന് എസ്ബിഐ അധികൃതര്‍ വ്യക്തമാക്കി. ആദ്യം നാലു വലിയ ഇംഗ്ലിഷ് അക്ഷരങ്ങളും തുടര്‍ന്ന് ഏഴ് അക്കങ്ങളും ചേര്‍ന്നതാണ് ഐഎഫ്എസ് കോഡ്. എസ്ബിടിക്ക് SBTR എന്ന അക്ഷരങ്ങള്‍ ഉപയോഗിച്ചിരുന്നത് ഇനി SBIN എന്നാക്കി മാറ്റേണ്ടി വരും. മൂന്നാമത്തെ അക്കം 7 ആക്കി മാറ്റുകയും വേണം. ചെക്ക് ക്ലിയറിങ്ങുകള്‍ക്കും മറ്റും ഉപയോഗിക്കുന്ന എംഐസിആര്‍ കോഡിലും മാറ്റമുണ്ട്.