റിസര്‍വ് ബാങ്ക് ഗവര്‍ണറായതിന് ശേഷമുള്ള പ്രഥമ യോഗത്തില്‍ ഊര്‍ജിത് പട്ടേല്‍ നിരാശപ്പെടുത്തിയില്ല. നാണ്യപ്പെരുപ്പം രണ്ട് വര്‍ഷത്തെ താഴെ എത്തിയതിന്റെ ചുവട് പിടിച്ച് റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചു. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്കു നല്‍കുന്ന ഹ്രസ്വകാല വായ്‌പ പലിശ നിരക്കായ റിപ്പോ ഇതോടെ 6.25 ശതമാനമായി. അതേസമയം കരുതല്‍ ധനാനുപാത നിരക്കിലും എസ്.എല്‍.ആറിലും മാറ്റം വരുത്തിയില്ല. മോണിറ്ററി പോളിസി കമ്മിറ്റി രൂപീകരിച്ചിതിന് ശേഷമുള്ള ആദ്യ പണനയം ആയിരുന്നു ഇത്തവണത്തേത്. ധന നയസമിതിയിലെ കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് അംഗങ്ങളും മൂന്ന് ആര്‍.ബി.ഐ പ്രതിനിധികളും പലിശ ഇളവ് ചെയ്യുന്നതിനെ അനുകൂലിച്ചു.

ആര്‍.ബി.ഐ തീരുമാനത്തോടെ ഭവന, വാഹന, വിദ്യാഭ്യാസ വായ്പകളുടെയെല്ലാം പലിശ കുറയാനുള്ള സാഹചര്യമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. 2015ന് ശേഷം റിസര്‍വ് ബാങ്ക് ഒന്നര ശതമാനത്തോളം പലിശ കുറച്ചെങ്കിലും ഇത് ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ ബാങ്കുകള്‍ തയ്യാറായിരുന്നില്ല. ദീപാവലി-ദസറ ഉത്സവകാലം മുന്‍നിറുത്തി ഇത്തവണ പലിശ കുറയ്‌ക്കാന്‍ ബാങ്കുകള്‍ തയ്യാറായേക്കുമെന്നാണ് സൂചന. ആര്‍.ബി.ഐ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഓഹരി വിപണികള്‍ കുതിച്ച് കയറി.