റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണര്‍: നാലു പേരുടെ പട്ടിക തയാര്‍

ദില്ലി: റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറെ നിശ്ചയിക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കുന്നു. നാലു സാമ്പത്തിക വിദഗ്ധരാണ് ഇപ്പോള്‍ ലിസ്റ്റിലുള്ളത്. ഈ ലിസ്റ്റില്‍നിന്നാകും ഗവര്‍ണര്‍ നിയമനമെന്ന് ഏകദേശം ഉറപ്പായെന്നാണു റിപ്പോര്‍ട്ടുകള്‍.

റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാ നയ സമിതിക്കും കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ രൂപം നല്‍കും. റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍, മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍മാരായ രാകേഷ് മോഹന്‍, സുബിര്‍ ഗോകര്‍ണ, എസ്ബിഐ ചെയര്‍പെഴ്സണ്‍ അരുന്ധതി ഭട്ടാചാര്യ എന്നിവരാണു പട്ടികയിലുള്ള നാലു പേര്‍. 

റിസര്‍വ് ബാങ്കിന്റെ വായ്പാ നയ രൂപീകരണത്തിനുള്ള സമിതിയില്‍ പുറത്തുനിന്നുള്ള പ്രതിനിധിയായി രഘുരാം രാജന്‍ തുടരാന്‍ സാധ്യതയുള്ളതായി പ്രധാനമന്ത്രിയുടെ ഓഫിസ് വൃത്തങ്ങളെ ഉദ്ധരിച്ചു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. പുറമേ നിന്നു മൂന്നു പ്രതിനിധികളെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുമെന്ന വ്യവസ്ഥയോടെയാണു പുതിയ നയ രൂപീകരണ സമിതി.