ദില്ലി: രാജ്യത്തെ പ്രമുഖ നദികള്‍ ശുദ്ധീകരിക്കാന്‍ പത്ത് ലക്ഷം കോടി രൂപയെങ്കിലും വേണ്ടി വരുമെന്നും നിലവില്‍ ലോകബാങ്ക് അടക്കമുള്ള ഏജന്‍സികളുടെ സഹായത്തോടെ നാല് ലക്ഷം കോടി രൂപയുടെ ഫണ്ട് നദികളുടെ ശുചീകരണത്തിനായി കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന് ഒറ്റയ്ക്ക് ഈ ദൗത്യം ഏറ്റെടുക്കാനാവില്ല. സംസ്ഥാനങ്ങളുടെ കോര്‍പറേറ്റുകളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും, പൊതുജനങ്ങളും ഇതിനായി മുന്നിട്ടിറങ്ങണം. ലോകബാങ്ക് പോലുള്ള സ്ഥാപനങ്ങളേയും ഇതിനായി ആശ്രയിക്കാം - ഗഡ്കരി ചൂണ്ടിക്കാട്ടി. 

2019- മാര്‍ച്ചോട് കൂടി ഗംഗാ നദിയിലെ മലിനീകരണതോത് നിലവിലുള്ളതിന്റെ പകുതിയായി കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്ത് നഗരങ്ങളില്‍ നിന്നുള്ള മാലിന്യം വന്നടിഞ്ഞാണ് ഗംഗ മലിനമാവുന്നത്. ഈ നഗരങ്ങളിലെല്ലാം കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുത്ത് മാലിന്യനിര്‍മാര്‍ജന പ്ലാന്റുകള്‍ സ്ഥാപിക്കുകയാണ്. ഗംഗാതീരത്തുള്ള എല്ലാ ഗ്രാമങ്ങളിലും ആവശ്യമായത്ര ടോയ്‌ലറ്റുകള്‍ നിര്‍മ്മിച്ചു കഴിഞ്ഞു. 

രാജ്യത്ത് ഭൂമി തരിശായി കിടക്കുന്ന അവസ്ഥ നദീജലസംയോജനം നടപ്പില്‍ വരുന്നതോടെ അവസാനിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ എട്ട് ലക്ഷം കോടി രൂപ ചിലവിട്ട് അഞ്ച് പ്രധാനനദികള്‍ സംയോജിപ്പിക്കുമെന്നും ഗഡ്കരി വ്യക്തമാക്കി.