തിരുവനന്തപുരം: പമ്പുകൾ അടച്ചുളള സമരത്തിൽ നിന്ന് പിന്മാറുകയാണെന്നും എല്ലാ ജില്ലകളിലും എല്ലാ ദിവസവും പെട്രോൾ പമ്പുകൾ തുറക്കുമെന്നും പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു. നേരത്തെ ഞായറാഴ്ചകളില്‍ പമ്പുകള്‍ തുറക്കേണ്ടതില്ലെന്ന് ഉടമകളുടെ സംഘടന തീരുമാനമെടുത്തിരുന്നു. ഇന്ധനം ലാഭിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കാനാണ് തീരുമാനമെന്നായിരുന്നു വിശദീകരണമെങ്കിലും എണ്ണക്കമ്പനികളുമായുള്ള സമരപ്രഖ്യാപനം പോലെയായിരുന്നു ഈ തീരുമാനം. ഡീലര്‍മാരുടെ കമ്മീഷന്‍ വര്‍ദ്ധിപ്പിക്കണമെന്ന ദീര്‍ഘനാളായുള്ള ആവശ്യം എണ്ണക്കമ്പനികള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ഞായറാഴ്ച പമ്പുകള്‍ അടച്ചിട്ട് വില്‍പ്പന കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്തുവന്നിരുന്നു. തുടര്‍ന്നാണ് പമ്പുകള്‍ അടച്ചിടില്ലെന്ന തീരുമാനവുമയി ഇപ്പോള്‍ ഡീലര്‍മാരുടെ സംഘടന രംഗത്തെത്തിയത്. ഞായറാഴ്ചകളിൽ ജില്ലയിലെ മുഴുവൻ പെട്രോൾ പമ്പുകളും തുറന്ന് പ്രവർത്തിക്കുമെന്ന് തിരുവനന്തപുരം ജില്ലാ റൂറൽ പെട്രോളിയം ഡീലേഴ്സ് അസോസിയേഷനും അറിയിച്ചു.