അമേരിക്കന്‍ സാമ്പത്തിക വിദഗ്ദന്‍ റിച്ചാര്‍ഡ് താലറിന് സാമ്പത്തിക ശാസ്ത്രത്തിനുള്ള ഇത്തവണത്തെ നോബല്‍ സമ്മാനം ലഭിച്ചെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ പഴയൊരു ട്വീറ്റ് കുത്തിപ്പൊക്കി ബി.ജെ.പി നേതാക്കള്‍ കെണിയില്‍ പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ നോട്ട് നിരോധനത്തെ അനുകൂലിട്ട് താലര്‍ ട്വിറ്ററില്‍ കുറിച്ച വരികളാണ് കേന്ദ്ര മന്ത്രിമാര്‍ അടക്കമുള്ളവര്‍ പ്രചരിപ്പിച്ചത്. എന്നാല്‍ നോട്ട് നിരോധനത്തെ സംബന്ധിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് താലര്‍.
അഴിമതി കുറയ്ക്കാന്‍ നോട്ട് നിരോധനം സഹായകമാവുമെന്നും താന്‍ ഏറെ പിന്തുണയ്ക്കുന്ന കാര്യമാണിതെന്നുമായിരുന്നു 2016 നവംബര്‍ എട്ടിന് രാത്രി താലറുടെ ആദ്യ ട്വീറ്റ്. എന്നാല്‍ ഇതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ 2000 രൂപാ നോട്ടുകള്‍ പുറത്തിറക്കാന്‍ പോകുന്ന കാര്യം മറ്റൊരാള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തി. ഇത് മനസിലായതോടെ നാശം...!!! എന്നായിരുന്നു അദ്ദേഹത്തിന്റെ തുടര്‍പ്രതികരണം. ആദ്യ ട്വീറ്റ് കേന്ദ്ര മന്ത്രിമാര്‍ അടക്കമുള്ളവര്‍ പ്രചരിപ്പിച്ചപ്പോള്‍ രണ്ടാമത്തെ പ്രതികരണവും സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞു.
എന്നാല്‍ നോട്ട് നിരോധനത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ വ്യക്തമായി അഭിപ്രായം പറഞ്ഞിരിക്കുകയാണ് റിച്ചാര്‍ഡ് താലര്‍. അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിയായ സ്വരാജ് കുമാറാണ് നോട്ട് നിരോധന കാര്യത്തില്‍ അഭിപ്രായം ചോദിച്ചത്. "അഴിമതി ഇല്ലാതാക്കാന്‍ ക്യാഷ്‍ലെസ് സമൂഹമെന്ന ആശയം വളരെ നല്ലതായിരുന്നു. എന്നാല്‍ 2000 രൂപാ നോട്ട് പുറത്തിറക്കിയതോടെ എല്ലാം പൊളിഞ്ഞു. ഇതോടെ മുഴുവന്‍ അധ്വാനവും കുട്ടിക്കളിയായി മാറി'യെന്നും അദ്ദേഹം പറയുന്നു.
