ബാങ്കുകളിലേക്ക് തിരിച്ചെത്തിയ പഴയ നോട്ട് എത്രയെന്ന് വീണ്ടും പരിശോധിക്കുമെന്ന് കേന്ദ്രധനമന്ത്രാലയം അറിയിച്ചു. ആദായ നികുതി വകുപ്പ്  ഇന്ന് രണ്ട് ബാങ്കുകളില്‍ നടത്തിയ റെയ്ഡില്‍  70 കോടി രൂപ പിടിച്ചെടുത്തു. കറന്‍സിയില്ലാത്ത ഇടപാടുകള്‍ക്ക് നിതീ ആയോഗ് സമ്മാനപദ്ധതി പ്രഖ്യാപിച്ചു.

ആകിസ് ബാങ്കിലെ നോയിഡ സെക്ടര്‍ 51ലെ ശാഖയില്‍ നടത്തിയ റെയ്ഡില്‍ 20 വ്യാജകമ്പിനികള്‍ വഴി 60 കോടി രൂപ നിക്ഷേപിച്ചത് കണ്ടെത്തി. ദില്ലിയിലെ കൊണാട്ട് പ്ലേസ് ശാകയിലും പരിശോധന നടത്തി. നേരത്തെ ആക്‌സ് ബാങ്ക് ശാഖകളില്‍ 100 കോടിയുടെ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. പൂനെയില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്‌ഡില്‍ ബാങ്ക് ഓഫ് മഹാരാഷ്‌ട്രയുടെ  ലോക്കറുകളില്‍ നിന്ന് 10 കോടി രൂപ പിടിച്ചെടുത്തു. ഒരു സ്വകാര്യ കമ്പനിയുടെ ലോക്കറുകളില്‍ നിന്നും പിടിച്ചെടുത്തത് രണ്ടായിരം രൂപയുടെ പുതിയ കറന്‍സിയാണ്.. ഇതിനിടെ കറന്‍സിയില്ലാത്ത ഇടപാടുകള്‍ക്ക് ഉപഭോക്താക്കള്‍ക്കും കച്ചവടക്കാര്‍ക്കും നീതി ആയോഗ് പ്രത്യേക സമ്മാനപദ്ധതി പ്രഖ്യാപിച്ചു.

ബാങ്കുകളിലേക്ക് തിരിച്ചെത്തിയ പഴയനോട്ട് എത്രയെന്ന കാര്യത്തില്‍ ചില ആശയക്കുഴപ്പമുണ്ടെന്നും കണക്ക് വീണ്ടും പരിശോധിക്കുമെന്നും സാമ്പത്തികകാര്യസെക്രട്ടറി അറിയിച്ചു. നോട്ടുകള്‍ പിന്‍വലിച്ചതിന് പകരം 7.5 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകള്‍ ഇന്നുവരെ അച്ചടിച്ചുവെന്നും ധനകാര്യമന്ത്രാലയം അറിയിച്ചു. ഇതിനിടെ ജമ്മുകാശ്‍മീരിലെ പുല്‍വാമയില്‍ തീവ്രവാദികള്‍ ബാങ്കില്‍ നിന്നും 11 ലക്ഷം രൂപ കൊള്ളയടിച്ചു.കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയ പഴയ 500 രൂപ നോട്ടുകള്‍  സര്‍ക്കാര്‍ ആശുപത്രികളിലടക്കം അവശ്യസേവനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കിയ സമയപരിധി ഇന്ന് അര്‍ദ്ധ രാത്രി അവസാനിക്കും. നാളെ മുതല്‍ കൈവശമുള്ള പഴയ 500 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ മാത്രമേ സാധിക്കുകയുള്ളുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ മാത്രം തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്നതിനുള്ള ബില്‍ സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു.