നിലവില്‍ ഒരാളുടെ ആധാര്‍ നമ്പര്‍ അറിയാമെങ്കില്‍ അയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനുള്ള സൗകര്യം യു.പി.ഐ ആപ്ലിക്കേഷനുകളില്‍ ലഭ്യമാണ്.

ദില്ലി: ആധാര്‍ വിവരങ്ങളെപ്പറ്റിയും അതിന്റെ സുരക്ഷയെക്കുറിച്ചുമുള്ള വാദപ്രതിവാദങ്ങള്‍ സുപ്രീം കോടതിയില്‍ പുരോഗമിക്കവെ നിര്‍ണ്ണായക നീക്കവുമായി നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ (എന്‍.പി.സി.ഐ). ആധാര്‍ നമ്പര്‍ അടിസ്ഥാനമാക്കി ബാങ്ക് അക്കൗണ്ടുകളിലെ പണം കൈമാറ്റം ചെയ്യാനുള്ള സൗകര്യം പിന്‍വലിക്കണമെന്ന് എന്‍.പി.സി.ഐ എല്ലാ ബാങ്കുകള്‍ക്കും നിര്‍ദ്ദേശം നല്‍കി.

ആധാര്‍ നമ്പര്‍ ഒരു വ്യക്തിയുടെ സുപ്രധാനമായ വിവരമാണെന്നും പേയ്മെന്റ് സംവിധാനങ്ങളില്‍ അത് എങ്ങനെയൊക്കെ ഉപയോഗിക്കാമെന്ന കാര്യത്തില്‍ ചട്ടങ്ങള്‍ ഇനിയും ഉണ്ടായിവരേണ്ടതുണ്ടെന്നുമാണ് ജൂലൈ 17ന് ബാങ്കുകള്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറയുന്നത്. ഇപ്പോള്‍ ഐ.എം.പി.എസ്, യു.പി.ഐ സംവിധാനങ്ങളില്‍ ആധാര്‍ നമ്പര്‍ ഉപയോഗിക്കുന്ന രീതി അവസാനിപ്പിക്കണം. ജൂലൈ അഞ്ചിന് ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം മുന്നോട്ടുവെച്ചുവെന്നും ഇത് യോഗം അംഗീകരിച്ചുവെന്നും അറിയിപ്പില്‍ പറയുന്നു. ഓഗസ്റ്റ് 31ന് മുന്‍പ് ആധാര്‍ നമ്പര്‍ ഉപയോഗിക്കുന്ന എല്ലാ പണം കൈമാറ്റ രീതികളും ബാങ്കുകള്‍ അവസാനിപ്പിക്കും.

നിലവില്‍ ഒരാളുടെ ആധാര്‍ നമ്പര്‍ അറിയാമെങ്കില്‍ അയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനുള്ള സൗകര്യം യു.പി.ഐ ആപ്ലിക്കേഷനുകളില്‍ ലഭ്യമാണ്. ആധാര്‍ നമ്പര്‍ നല്‍കുമ്പോള്‍ എന്‍.പി.സി.ഐയുടെ ഡേറ്റാ ബേസില്‍ നിന്നും ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചാണ് ഇങ്ങനെ പണം കൈമാറ്റ് ചെയ്യപ്പെടുന്നത്. ഫോണ്‍ നമ്പര്‍ നല്‍കിയും യു.പി.ഐ സംവിധാനത്തിലൂടെ ഇങ്ങനെ പണം കൈമാറാനാകും.