പരമാവധി 25,000 രൂപ വരെയായിരിക്കും പ്രവാസികള്‍ക്ക് മാറ്റിവാങ്ങാന്‍ അവസരം ലഭിക്കുന്നത്. രാജ്യത്തിനകത്ത് തന്നെ സ്ഥിരതാമസുള്ളവര്‍ നവംബര്‍ എട്ടിനും ഡിസംബര്‍ 30നും ഇടയില്‍ വിദേശത്തായിരുന്നെങ്കില്‍ അവര്‍ക്കും നോട്ടുകള്‍ മാറ്റി വാങ്ങാം. 25,000 രൂപയാണ് ഇത്തരക്കാര്‍ക്കും പരിധി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ മാര്‍ച്ച് 31 വരെ മാത്രമേ ഇവര്‍ക്ക് പണം മാറ്റി വാങ്ങാന്‍ അവസരമുള്ളൂ. റിസര്‍വ് ബാങ്കില്‍ നല്‍കേണ്ട സത്യവാങ്മൂലം അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും. തെറ്റായ വിവരങ്ങള്‍ നല്‍കി ഈ അവസരം ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് 50,000 രൂപയോ മാറ്റി വാങ്ങാന്‍ ശ്രമിക്കുന്ന തുകയുടെ അഞ്ചിരട്ടിയോ പിഴ ശിക്ഷ നല്‍കും.

നവംബര്‍ എട്ടിന് നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ട് നടത്തിയ പ്രഖ്യാപനത്തില്‍ തന്നെ ഡിസംബര്‍ 30ന് ശേഷവും നോട്ടുകള്‍ മാറ്റി വാങ്ങാന്‍ അവസരം ഉണ്ടായിരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. പണം മാറ്റി വാങ്ങാനുള്ള പരിധി അവസാനിക്കുന്നതോടെ നോട്ടുകളിന്മേല്‍ റിസര്‍വ് ബാങ്കിനുള്ള ബാധ്യതയും സര്‍ക്കാറിന്റെ ഉറപ്പും അവസാനിക്കും.