ഓണ്‍ലൈന്‍ ടാക്സി വ്യവസായത്തില്‍ കനത്ത മത്സരമാണ് യുബറും ഓലയും തമ്മില്‍ നടത്തിക്കൊണ്ടിരിക്കുന്നത്

ദില്ലി: ചൈനയിലെയും റഷ്യയിലെയും പോലെയല്ല ഇന്ത്യയിലെ തങ്ങളുടെ വിപണി സാന്നിധ്യമെന്ന് യുബര്‍ സിഒഒ ബാര്‍നി ഹാര്‍ഫോര്‍ഡ്. ഇന്ത്യയില്‍ യുബര്‍ ഏറ്റവും ശക്തമാണ് അതിനാല്‍ ഓഹരി ഏറ്റെടുത്തുകൊണ്ട് ഒരു നടപടിക്ക് തങ്ങള്‍ തയ്യാറല്ലെന്നും ഓലയെ ലക്ഷ്യം വച്ച് അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഓണ്‍ലൈന്‍ ടാക്സി വ്യവസായത്തില്‍ കനത്ത മത്സരമാണ് യുബറും ഓലയും തമ്മില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഓല തങ്ങളുടെ നിക്ഷേപകരായ സോഫ്റ്റ് ബാങ്കുമായി പൂര്‍ണ്ണ ലയന നീക്കം നടത്തുന്നതിനിടെയാണ് യുബര്‍ സിഒഒയുടെ വാര്‍ത്താ സമ്മേളനം. ലയനത്തോടെ ഓല കൂടുതല്‍ ശക്തിപ്പെടുമെന്നാണ് ഈ രംഗത്തെ നിരീക്ഷകരുടെ വിലയിരുത്തല്‍.

ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസുകള്‍ക്കൊപ്പം യുബര്‍ ആട്ടോ, യുബര്‍ മോട്ടോ, യുബര്‍ ഈറ്റ്സ് എന്നീ വൈവിധ്യവത്കരണ നിക്ഷേപങ്ങളിലേക്കും യുബര്‍ നീങ്ങുകയാണ്. യു.എസില്‍ നിലവിലുളള ഇലക്ട്രിക്ക് ബൈക്ക് സര്‍വ്വീസ് ഇന്ത്യയിലും തുടങ്ങാനാണ് യുബറിന്‍റെ പുതിയ പദ്ധതി. ആഗോള തലത്തിലുളള 10 ശതമാനം റൈഡുകള്‍ യുബറിന് ലഭിക്കുന്നത് ഇന്ത്യയില്‍ നിന്നാണ്.