2020 തോടെ സ്മാര്‍ട്ട് സിറ്റിയില്‍ വന്‍ തൊഴിലവസരങ്ങള്‍

കൊച്ചി: സ്മാര്‍ട്ട് സിറ്റിക്ക് വികസനത്തിന്‍റെ പുതിയ ചിറകുകള്‍ സമ്മാനിക്കാന്‍ ഐടി ഫെസിലിറ്റി ട്രാന്‍സ്ഫര്‍ (ഐടി സൗകര്യങ്ങളുടെ കൈമാറ്റം) 2020 ല്‍ ആരംഭിച്ച് 2021 ല്‍ പൂര്‍ത്തിയാവുമെന്ന് സ്മാര്‍ട്ട് സിറ്റി അറിയിച്ചു. ഇതോടെ സ്മാര്‍ട്ട് സിറ്റിക്ക് കീഴിലുളള കമ്പനികളുടെ എണ്ണം വര്‍ദ്ധിക്കുകയും തൊഴില്‍ മേഖലയില്‍ വലിയ ഉണര്‍വ് പ്രകടമാകുകയും ചെയ്യും.

വിവിധ കോ - ഡവലപ്പര്‍മാരുടെതായി 61 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണമുളള കെട്ടിടങ്ങളാണ് നിര്‍മ്മാണത്തിലിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗം നിര്‍മ്മാണ പുരോഗതി വിലയിരുത്തിയിരുന്നു. ബോര്‍ഡ് യോഗത്തിലാണ് 2020 ല്‍ കൈമാറ്റം നടത്തുമെന്ന തീരുമാനമുണ്ടായത്. സ്മാര്‍ട്ട് സിറ്റിയിലെ രണ്ടാം ടവറിന്‍റെ നിര്‍മ്മാണം നാല് മാസത്തിനകം ആരംഭിക്കും. 2020 ല്‍ 61 ലക്ഷം ചതുരശ്രയടിയെന്ന സ്മാര്‍ട്ട് സിറ്റിയുടെ സ്വപ്ന പദ്ധതിയുടെ ലക്ഷ്യം കൈവരിക്കാനാവുമെന്ന് ഐടി സെക്രട്ടറി എം. ശിവശങ്കര്‍ പറഞ്ഞു.

സമാര്‍ട്ട് സിറ്റിലേക്കുളള ഗതാഗത സംവിധാനങ്ങളുടെ വികസനത്തിന് സര്‍ക്കാര്‍ വിവധ ഏജന്‍സികളുമായി ചര്‍ച്ച നടത്തിവരുകയാണ്. സ്മാര്‍ട്ട് സിറ്റിയില്‍ ഹോട്ടലുകളും പാര്‍പ്പിടങ്ങളും ഉള്‍പ്പെടുന്ന സാമൂഹിക സംവിധാനങ്ങള്‍ സ്ഥാപിക്കാനും വിവിധ നിക്ഷേപകര്‍ എത്തുന്നുണ്ട്.