കോണ്‍ഗ്രസ്, സമാജ്‍വാദി പാര്‍ട്ടി, ബി.എസ്‌.പി, ആര്‍.ജെ.ഡി, ജെ.ഡി.യു, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.എല്‍.ഡി, ജെ.എം.എം എന്നീ പാര്‍ട്ടികളിലെ നേതാക്കളാണ് ഫെബ്രുവരി ഒന്നിന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന കേന്ദ്ര ബജറ്റ് മാറ്റണം എന്നാവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്. ബജറ്റ് പ്രഖ്യാപനത്തിലൂടെ തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാനാണ് സര്‍ക്കാറിന്റെ ശ്രമമെന്നും പരിഭാഷ - ഭരണഘടനയ്‌ക്കും തെരഞ്ഞെടുപ്പിനും ജനാധിപത്യത്തിനും എതിരാണെന്നും പ്രതിപക്ഷ സംഘടനകള്‍ ആരോപിച്ചു.

ഫെബ്രുവരി ഒന്നിന് പ്രഖ്യാപിക്കുന്ന ബജറ്റില്‍ ആദായ നികുതി നിരക്കില്‍ മാറ്റം വരുമെന്നും കടാശ്വാസ പദ്ധതിക്ക് നിര്‍ദ്ദേശമുണ്ടാകുമെന്നും അഭ്യൂഹമുണ്ട്. ഫെബ്രുവരി നാലിനാണ് പഞ്ചാബ്, ഗോവ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ്. ബജറ്റ് പ്രഖ്യാപനങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ ആശങ്ക. 2012ല്‍ അന്നത്തെ ധനമന്ത്രി പ്രണബ് മുഖര്‍ജി ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷമാണ് ബജറ്റ് അവതരിപ്പിച്ചത് എന്ന കീഴ്വഴക്കവും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ബജറ്റ് അവതരണം ഭരണഘടനാപരമായ അനിവാര്യതയാണെങ്കിലും കീഴ്വഴക്കം പാലിക്കാനുള്ള നിര്‍ദ്ദേശം കമ്മീഷന് നല്കാമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇത് മുന്നില്‍ കണ്ടുകൂടിയാണ് ഡിസംബര്‍ 31ലെ അഭിസംബോധനയില്‍ പ്രധാനമന്ത്രി ബജറ്റിന് സമാനമായ ചില ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചതെന്നാണ് സൂചന. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വ്യക്തമായ നിര്‍ദ്ദേശമൊന്നും ഉണ്ടായില്ലെങ്കില്‍ മുന്‍നിശ്ചയിച്ച തീയതിയില്‍ ബജറ്റ് അവതരണവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും.