തിരുവനന്തപുരം: കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രനിരക്കില്‍ ഇളവു വരുത്താന്‍ ധനവകുപ്പ് നീക്കം. നഗരങ്ങളിലും ഗ്രാമങ്ങളിലും വ്യത്യസ്ത നിരക്ക് ഏര്‍പ്പെടുത്തുന്നതടക്കമുള്ള ഇളവുകളില്‍ 28നു ചേരുന്ന സബ്ജക്ട് കമ്മിറ്റി തീരുമാനമെടുക്കും. നിരക്കു കൂട്ടിയതില്‍ ജനങ്ങള്‍ക്കുള്ള ആശങ്ക മുഖ്യമന്ത്രിയെ അറിയിച്ചതായി രജിസ്‌ട്രേഷന്‍ മന്ത്രി ജി. സുധാകരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഐസകിന്റെ ബജറ്റ് പ്രഖ്യാപനത്തില്‍ ഏറ്റവും പ്രതിഷേധം ഉയര്‍ന്നതു കുടുംബാംഗങ്ങളുടെ ഭാഗപത്ര നിരക്കു കൂട്ടിയതിനെതിരേയാണ്. ഭാഗപത്രം, ഒഴിമുറി എന്നിവയ്ക്കുള്ള മുദ്രപ്പത്ര നിരക്ക് ന്യായവിലയുടെ മൂന്നു ശതമാനമായിരുന്നു കൂട്ടിയത്. വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്ന സാഹചര്യത്തിലാണ് ധനവകുപ്പിന്റെ പുനരാലോചന.

നഗരങ്ങളില്‍ മൂന്നു ശതമാനം നിലനിര്‍ത്തി ഗ്രാമങ്ങളില്‍ ഒരു ശതമാനമാക്കുക എന്ന നിര്‍ദേശം പരിഗണിക്കുന്നു. അഞ്ചു സെന്റ് വരെയുള്ള ഭൂമി കൈമാറ്റങ്ങള്‍ക്ക് ഇളവു നല്‍കാനും ആലോചനയുണ്ട്. പഴയ മുദ്രവിലയായ 1000 രൂപ പുനഃസ്ഥാപിക്കാനാണു നീക്കം.

അതിനിടെ നിരക്കു കൂട്ടിയതില്‍ ജനത്തിനുള്ള ആശങ്ക മുഖ്യമന്ത്രിയെ അറിയിച്ചതായി മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്റെ 'പുതിയ മന്ത്രി എന്ത് പറയുന്നു' എന്ന പരിപാടിയിലായിരുന്നു സുധാകരന്റെ പ്രതികരണം.

യുഡിഎഫ് സര്‍ക്കാര്‍ ഭാഗപത്രനിരക്കില്‍ വരുത്തിയ ഇളവുകൊണ്ടു സാധാരണക്കാര്‍ക്കു നേട്ടമുണ്ടായില്ലെന്ന നിലപാടായിരുന്നു ധനമന്ത്രിക്ക് ഇതുവരെ. എന്നാല്‍ പുതിയ നികുതി നിര്‍ദേശം നിലവില്‍ വന്നതു മുതല്‍ രജിസ്‌ട്രേഷന്‍ കുറഞ്ഞതടക്കം പരിശോധിച്ചാണു പുനരാലോചന.