ദില്ലി: പേയ്ടിം പേയ്‌മെന്റ് ബാങ്ക് ഉപഭോക്താകള്‍ക്കായി ഡെബിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കി. ഇതോടെ പേയ്ടിം വാലറ്റില്‍ നിന്നും ഉപഭോക്താകള്‍ക്ക് എടിഎം വഴി പണം പിന്‍വലിക്കാനും ഓഫ്‌ലൈനായി പണമടയ്ക്കാനും സാധിക്കും. 

നേരത്തെ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കായി പ്രത്യേക വിര്‍ച്വര്‍ ഡെബിറ്റ് കാര്‍ഡുകള്‍ പേടിഎം പുറത്തിറക്കിയിരുന്നു. പേടിഎമ്മിന്റെ ഡെബിറ്റ് കാര്‍ഡ് വേണ്ടവര്‍ പേയ്ടിം ആപ്പ് വഴി കാര്‍ഡിനായി അപേക്ഷിക്കണം. 120 രൂപയാണ് ഇതിനുള്ള വണ്‍ടൈം ഫീ. റുപേ ഡെബിറ്റ് കാര്‍ഡുകളാണ് പേടിഎം നല്‍കുന്നത്. മറ്റു ഡെബിറ്റ് കാര്‍ഡുകള്‍ പോലെ ഷോപ്പിംഗ് മാളുകളിലേയും കടകളിലേയും പിഓഎസ് മെഷീനുകളില്‍ പേടിഎം ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം. മിനിമം ബാലന്‍സ് പോലുള്ള നിബന്ധനകളൊന്നും ഇതിനില്ല. 

തങ്ങളുടെ മൊബൈല്‍ ആപ്പിലേക്കായി പ്രത്യേക യുപിഎ സംവിധാനം നേരത്തെ തന്നെ പേടിഎം അവതരിപ്പിച്ചിരുന്നു. ഇതുവഴി പേയ്ടിം ഉപഭോക്താവിന് മറ്റു ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം എടുക്കാനും അയക്കാനും സാധിക്കും. യുപിഐ ഐഡി മാത്രം ഉപയോഗിച്ച് ആര്‍ക്ക് വേണമെങ്കിലും പണം അയക്കുകയും ചെയ്യാം. പണം അയക്കാനോ സ്വീകരിക്കാനോ ബാങ്ക് അക്കൗണ്ട് വിവരങ്ങളൊന്നും വേണ്ടതില്ല എന്നതാണ് യുപിഐ ബാങ്കിംഗിന്റെ സവിശേഷത. നിലവില്‍ പേയ്ടിം അടക്കം നാല് പേയ്‌മെന്റ് ബാങ്കുകളാണ് ഇന്ത്യയിലുള്ളത്. എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക്, ഇന്ത്യന്‍ പോസ്റ്റ് പെയ്‌മെന്റ് ബാങ്ക്, ഫിനോ പേയ്‌മെന്റ് ബാങ്ക് എന്നിവയാണ് മറ്റുള്ളവ.