ദില്ലി: ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ വൈകുന്നവരില്‍ നിന്ന് 10,000 രൂപ വരെ പിഴ ഈടാക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് 2018 ഏപ്രില്‍ ഒന്നുമുതല്‍ ഇത് ഈടാക്കിയാല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. 2016-17 സാമ്പത്തിക വര്‍ഷത്തെ റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ വൈകുന്നവര്‍ തല്‍ക്കാലം പിഴ അടയ്ക്കേണ്ടി വരില്ല. ഈ മാസം 31 വരെയാണ് ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിട്ടുള്ളത്.

ആദായ നികുതി നിയമത്തില്‍ പുതുതായി കൂട്ടിച്ചേര്‍ത്ത 234F സെക്ഷന്‍ അനുസരിച്ചാണ് 10,000 രൂപ വരെ പിഴ ഈടാക്കുന്നത്. നിശ്ചിത സമയത്തിനകം റിട്ടേണുകള്‍ സമര്‍പ്പിക്കാത്തവരില്‍ നിന്നായിരിക്കും ഇത് ഈടാക്കുക. അടുത്ത വര്‍ഷം മുതല്‍ ജൂലൈ 31ന് ശേഷം റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ പിഴ നല്‍കണം. ഡിസംബര്‍ 31 വരെ 5000 രൂപയും ഡിസംബര്‍ 31ന് ശേഷം 10,000 രൂപയുമാണ് പിഴ അടക്കേണ്ടി വരിക. എന്നാല്‍ 5 ലക്ഷം രൂപ വരെ വരുമാനം ഉള്ളവര്‍ പരമാവധി 1000 രൂപ പിഴയടച്ചാല്‍ മതിയാവും.