ദില്ലി: പെട്രോൾ, ഡീസൽ, എൽപിജി എന്നിവയെ ചരക്ക് സേവന നികുതി(ജിഎസ്ടി)യിൽ ഉൾപ്പെടുത്താൻ തയാറാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. രാജ്യസഭയിൽ പ്രതിക്ഷത്തിന്റെ ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സംസ്ഥാനങ്ങൾ സമ്മതിച്ചാൽ ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ 19 സംസ്ഥാനങ്ങളിൽ ബിജെപിയും എൻഡിഎയുമാണ് ഭരിക്കുന്നതെന്നും കേന്ദ്ര ഭരണവും ബിജെപിയുടെ നിയന്ത്രണത്തിലിരിക്കെ ഇന്ധനവില ജിഎസ്ടി പരിധിക്കുള്ളിൽ കൊണ്ടുവരാൻ മോദി സർക്കാരിനെ തടയുന്നതെന്താണെന്നും കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം ചോദ്യമുന്നയിച്ചിരുന്നു. ഇതിനുള്ള മറുപടിയായി സംസ്ഥാനങ്ങളുടെ അനുമതിയോടെ മാത്രമേ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തൂ എന്നാവർത്തിക്കുക മാത്രമാണ് ജയ്റ്റ്ലി ചെയ്തത്.
നിലവിൽ 50 ശതമാനത്തിനുമേൽ നികുതിയാണ് ഇന്ധനവിലയിൽ പെട്രോളിയം കന്പനികൾ ഈടാക്കുന്നത്. ജിഎസ്ടി പരിധിയിൽ ഇവ ഉൾപ്പെടുത്തിയാൽ ഇന്ധനവവില പകുതിയാക്കി കുറയ്ക്കാൻ കഴിയുമെന്നാണ് മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
