ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികളില്‍ നിന്ന് പമ്പുടമകള്‍ ഇന്നും നാളെയും സ്റ്റോക്ക് എടുക്കില്ല. കേന്ദ്ര പെട്രോളിയം മന്ത്രാലയം നിയമിച്ച അപൂര്‍വ ചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുളള കമ്മീഷന്‍ വര്‍ധന നടപ്പാക്കുക, പുതിയ പമ്പുകള്‍ തുടങ്ങുന്നതിനുള്ള മാനദണ്ഡം കര്‍ശനമാക്കുക തുടങ്ങി ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പമ്പുടമകളുടെ സമരം.

ബഹിഷ്കരണത്തിന്റെ പേരില്‍ സംസ്ഥാനത്ത് ഇന്ധനക്ഷാമം അനുഭവപ്പെടാതിരിക്കാന്‍ ആവശ്യത്തിന് സ്റ്റോക്ക് എടുത്തിട്ടുണ്ടെന്ന് ഓള്‍ കേരളാ ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ഭാരവാഹികള്‍ അറിയിച്ചു. രണ്ട് ദിവസത്തെ ബഹിഷ്കരണം മൂലം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആറ് കോടിയോളം രൂപയുടെ നികുതി നഷ്‌ടം സംഭവിക്കും. എണ്ണക്കമ്പനി പ്രതിനിധികളുമായി ഡീലേഴ്‌സ് അസോസിയേഷന്‍ നാളെ വൈകീട്ട് മുംബൈയില്‍ വച്ച് ചര്‍ച്ച നടത്തുന്നുണ്ട്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ പമ്പുകള്‍ അടച്ചുള്ള സമരത്തിലേക്ക് നീങ്ങാനാണ് പമ്പുടമകളുടെ തീരുമാനം.