വിമുക്ത ഭടനായ ലോകേഷ് ബട്‍ര എന്നയാളാണ് പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍ക്ക് ചിലവായ തുക എത്രയെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്. എന്നാല്‍ സുരക്ഷാ കാരണം ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ചു. ഇതിനെതിരെ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മീഷനെ സമീപിച്ചിരിക്കുകയാണിപ്പോള്‍. എന്നാല്‍ പ്രധാനമന്ത്രിയുടെ യാത്രാ ചെലവുകള്‍ എങ്ങനെ സുരക്ഷാ കാരണങ്ങളാല്‍ തടഞ്ഞുവെയ്ക്കേണ്ട രേഖയാവുമെന്ന് ചോദിച്ച ഇന്‍ഫര്‍മോഷന്‍ കമ്മീഷന്‍, കണക്കുകള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഏതൊക്കെ രേഖകളാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുകയെന്നും കമ്മീഷന്‍ ചോദിക്കുന്നു. 

പരാതി അടുത്തമാസം ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ വീണ്ടും പരിഗണിക്കും. എയര്‍ ഇന്ത്യയുടെയോ വ്യോമസേനയുടെയോ വിമാനങ്ങളിലാണ് പ്രധാനമന്ത്രി യാത്രകള്‍ നടത്തുന്നതെന്നും ഇതിന്റെ ബില്ലുകള്‍ പ്രധാനമന്ത്രി കാര്യാലയത്തിലേക്ക് അയച്ചുകൊടുക്കാറാണ് പതിവെന്നും മാത്രമാണ് വിവരാവകാശ നിയമപ്രകാരം കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കിയത്.