ജിയോയില്‍ നിന്നുള്ള കോളുകള്‍ മറ്റ് കമ്പനികള്‍ സ്വന്തം നെറ്റ്‍വര്‍ക്കിലേക്ക് കമ്പനികള്‍ കണക്ട് ചെയ്ത് നല്‍കുന്നില്ലെന്നായിരുന്നു റിലയന്‍സിന്റെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ടെലികോം റെഗുലേറ്ററി അതോരിറ്റിക്ക് റിലയന്‍സ് നല്‍കിയ പരാതി അനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്നാണ് വ്യക്തമായത്. തുടര്‍ന്ന് 3000 കോടിയിലധികം രൂപയാണ് എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ അടക്കമുള്ള പ്രമുഖ കമ്പനികള്‍ക്ക് ട്രായ് പിഴ ചുമത്തിയത്. ഇതിന് പിന്നാലെ ഇന്റര്‍കണക്ഷന്‍ പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്നാണ് മറ്റ് കമ്പനികള്‍ അവകാശപ്പെടുന്നത്. ഏറ്റവും വേഗത്തില്‍ തന്നെ ജിയോയുമായുള്ള പ്രശ്നം പരിഹരിച്ചെന്നും എന്നാല്‍ ജിയോയുടെ ഭാഗത്ത് നിന്ന് ഇനിയും പരിഹരിക്കപ്പെടാത്ത ചില പ്രശ്നങ്ങള്‍ കൂടി അവശേഷിക്കുന്നുണ്ടെന്നും എയര്‍ടെല്‍ ഇന്ത്യ സി.ഇ.ഒ ഗോപാല്‍ വിത്തല്‍ പറഞ്ഞു.

സ്വന്തം നെറ്റ്‍വര്‍ക്കിലെ പ്രശ്നങ്ങള്‍ക്ക് മറ്റ് കമ്പനികളെ ജിയോ കുറ്റപ്പെടുത്തുകയാണെന്ന പരാതിയും വിവിധ കമ്പനികള്‍ ഉന്നയിക്കുന്നുണ്ട്. കോളുകള്‍ പരസ്പരം കണക്ട് ചെയ്യാനുള്ള പോയിന്റ് ഓഫ് ഇന്റര്‍കണക്ഷന്‍ അനുവദിക്കുകയെന്നത് കമ്പനികളുടെ നിയമപരമായ ബാധ്യതയാണ്. ഇതിന് നിശ്ചിത നിരക്ക് കമ്പനികള്‍ പരസ്പരം നല്‍കണം. ജിയോയില്‍ നിന്നുള്ള അനിയന്ത്രിതമായ സൗജന്യ കോളുകള്‍ പ്രവഹിക്കാന്‍ തുടങ്ങിയതോടെയാണ് മറ്റ് കമ്പനികള്‍ ഇന്റര്‍കണക്ഷന്‍ തടഞ്ഞിരുന്നത്.