മുംബൈ: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടണ്‍ പുറത്തുപോകുമെന്ന് ഉറപ്പായതിനെ തുടര്‍ന്ന് ഓഹരി വിപണികളിലും കറന്‍സി വിപണിയിലും കനത്ത നഷ്‌ടം. ഇന്ത്യന്‍ ഓഹരി സൂചികയായ സെന്‍സെക്‌സ് 1000 പോയിന്‍റും നിഫ്റ്റി 300 പോയന്‍റും ഇടിഞ്ഞു. ബ്രിട്ടനില്‍ വന്‍തോതില്‍ നിക്ഷേപമുള്ള ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരിവില 10 ശതമാനം താഴ്ന്നു.

ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും നഷ്‌ടത്തിലാണ്. രൂപ വീണ്ടും 68ന് മുകളിലേക്ക് പതിച്ചു. പൗണ്ടിന്റെ മൂല്യം കനത്ത തോതില്‍ ഇടിഞ്ഞ് 31 വര്‍ഷത്തിനിടയിലെ താഴ്ന്ന നിരക്കിലെത്തി.

അതേസമയം കറന്‍സി വിപണിയിലെ തകര്‍ച്ച മുതലെടുത്ത് സ്വര്‍ണ വില ഉയര്‍ന്നു. സംസ്ഥാനത്ത് സ്വര്‍ണ വില ഗ്രാമിന് 60 രൂപയും പവന് 480 രൂപയും ഉയര്‍ന്നു. 22400 രൂപയാണ് പവന് ഇന്നത്തെ വില.