തിരുവനന്തപുരം: സബ്സിഡിയുള്ള ഉത്പന്നങ്ങൾ വാങ്ങാൻ വരുന്ന ഉപഭോക്താക്കളോട് സബ്സിഡിയില്ലാത്ത ഉത്പന്നങ്ങളും കൂടി വാങ്ങണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത് സംസ്ഥാനത്തെ മാവേലി സ്റ്റോറുകളിൽ തർക്കത്തിന് വഴി തുറക്കുന്നു. ഇതിനെതിരെ വ്യാപകമായ പരാതികളാണ് ഉപഭോക്താക്കൾ ഉന്നയിക്കുന്നത്.
സംസ്ഥാനത്തെ വിവിധ മാവേലി സ്റ്റോറുകളിലും സിവിൽ സപ്ലൈസ് കോർപ്പറേഷന്റ ഹൈപ്പർ മാർക്കറ്റിലുമാണ് ഇങ്ങനെയൊരു അവസ്ഥയുള്ളത്. സബ്സിഡി ഉള്ള ഉത്പന്നങ്ങൾ വാങ്ങാൻ വരുന്നവരോട് സബ്സിഡി ഇല്ലാത്തവ കൂടി വാങ്ങണമെന്ന ജീവനക്കാരുടെ നിർദ്ദേശമാണ് ബഹളത്തിൽ കലാശിക്കുന്നത്. അരി വെളിച്ചെണ്ണ പഞ്ചസാര ഉഴുന്ന് പയർ പരിപ്പ് തുടങ്ങി 17ഓളം ഉത്പനങ്ങളാണ് സബ്സിഡി നിരക്കിൽ നൽകുന്നത്. എന്നാൽ ഇവ വാങ്ങാൻ വരുന്നവരോട് സബ്സിഡി ഇല്ലാത്ത ഒരു ഉത്പന്നമെങ്കിലും എടുപ്പിക്കണമെന്നാണ് കോർപ്പറേഷന്റെ നിർദ്ദേശം
സബ്സിഡി ദുരുപയോഗം ചെയ്യാതിരിക്കാനുമാണ് ഇത്തരമൊരു നിർദ്ദേശം നൽകിയിരിക്കുന്നതെന്നാണ് കോർപ്പറേഷന്റെ വിശദീകരണം ചില കച്ചവടക്കാർ സബ്സിഡി ഉത്പന്നങ്ങൾ വാങ്ങി വലിയ വിലക്ക് വിൽക്കുന്നുണ്ടെന്നും ഇത് തടയാനാണ് ശ്രമമെന്നും കോർപ്പറേഷൻ വിശദീകരിക്കുന്നു. പൊതു മാർക്കറ്റിൽ 220 രൂപ വിലയുള്ള വെളിച്ചെണ്ണ സബ്സിഡിയായി കിലോക്ക് 90 നിരക്കിലാണ് നൽകിയത്. ഉപഭോക്താക്കളുടെ എണ്ണം കൂടിയപ്പോൾ കാർഡോന്നിന് അരലിറ്ററായി കുറച്ചു. ഇതോടൊപ്പം ആഘോഷക്കാലത്ത് വരുമാനം വർദ്ധിപ്പിക്കുയെന്ന ലക്ഷ്യവുമുണ്ട്.
