കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന എല്ലാവര്‍ക്കും വീട് പദ്ധതിയുടെ ഭാഗമായി എംപ്ലേോയീസ് പ്രോവിഡന്റ് ഫണ്ടില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇ.പി.എഫ്.ഒയില്‍ അംഗങ്ങളായ നാലു കോടി പേര്‍ക്ക് ഭവന വായ്പ തിരിച്ചടയ്ക്കാനും ഇനി പി.എഫിലെ പണമെടുക്കാനാവും.

ഭൂമി വാങ്ങാനും വീടും വാങ്ങാനും പുതിയ വീട് നിര്‍മ്മിക്കാനുമൊക്കെ പി.എഫിലെ പണം എടുക്കാന്‍ അനുവാദമുണ്ടാകും. ഇടത്തരം സാമ്പത്തിക സ്ഥിതിയിലുള്ളവര്‍ക്ക് ഭവന നിര്‍മ്മാണത്തിന് സഹായം നല്‍കുന്ന പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഭാഗമായാണ് പുതിയ തീരുമാനം. പി.എഫിലെ നിക്ഷേപത്തില്‍ നിന്ന് ഭവന വായ്പയുടെ തിരിച്ചടവും നടത്താനാവും. ഇത്തരം ആവശ്യങ്ങള്‍ക്കായി പി.എഫ് അക്കൗണ്ടിലെ 90 ശതമാനം പണവും പിന്‍വലിക്കാം. ഇതിനായി പി.എഫ് അംഗങ്ങള്‍ അപേക്ഷ നല്‍കണം. മൂന്ന് വര്‍ഷമെങ്കിലും ഇ.പി.എഫ് അംഗങ്ങളായിരുന്നവര്‍ക്കാണ് ഈ സൗകര്യം ലഭ്യമാവുക. 2016-17 സാമ്പത്തിക വര്‍ഷത്തെ ഇ.പി.എഫ് പലിശ നിരക്ക് 8.65 ശതമാനമാക്കി നിജപ്പെടുക്കാനുള്ള ശുപാര്‍ശ കഴിഞ്ഞയാഴ്ച കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.