സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം റെക്കോര്‍ഡ് നഷ്ടം രേഖപ്പെടുത്തിയിരുന്നു

ദില്ലി: പൊതു മേഖല ബാങ്കുകളുടെ കഷ്ടകാലം അവസാനിച്ചെന്നും ഒന്നോ രണ്ടോ പാദങ്ങളിലെ കഷ്ടതകള്‍ പ്രശ്നമല്ലെന്നും വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം റെക്കോര്‍ഡ് നഷ്ടം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതികരണം.

സര്‍ക്കാര്‍ പൊതുമേഖല ബാങ്കുകള്‍ക്ക് മൂലധന പിന്തുണ നല്‍കുമെന്നും ഇനി വീഴ്ച്ചകള്‍ അനുവദിക്കില്ലെന്നും ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ വ്യക്തമാക്കി. ബാങ്കുകളുടെ അക്കൗണ്ട് ബുക്കുകള്‍ നന്നായികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. നിഷ്കൃയ ആസ്തിക്ക് എതിരെയുളള (എന്‍പിഎ) കരുതല്‍ നടപടികള്‍ ഇരട്ടിപ്പിച്ചതു കാരണം എസ്ബിഐ കഴിഞ്ഞ ദിവസം 7,718 കോടി രൂപയാണ് അറ്റ നഷ്ടം രേഖപ്പെടുത്തിയത്. ഇത്തരം നഷ്ടങ്ങള്‍ ഉണ്ടാകുന്നത് നിഷ്ക്രിയ ആസ്തി കുറയ്ക്കാനുളള നടപടികള്‍ മൂലമാണെന്നാണ് സര്‍ക്കാരിന്‍റെ നിരീക്ഷണം.