Asianet News MalayalamAsianet News Malayalam

വായ്പായെടുത്തവരെയും എടുക്കാനിരിക്കുന്നവരെയും പോക്കറ്റടിക്കാന്‍ റിസര്‍വ് ബാങ്ക്

  • പലിശ നിരക്കുകള്‍ 0.25 ശതമാനം മുതല്‍ 0.40 ശതമാനത്തിനടുത്ത് വരെ വര്‍ദ്ധിക്കാന്‍ ഈ നയ തീരുമാനം കാരണമായേക്കും
RBI new policy social impacts

മുംബൈ: വായ്പയെടുത്ത് ജീവിതത്തിലെ വീട്, വാഹനം, മറ്റ് വ്യക്തിഗത ആവശ്യങ്ങള്‍ എന്നിവ നിറവേറ്റാമെന്നൊക്കെയുളള സുവര്‍ണ്ണ സ്വപ്നങ്ങളുമായിരുന്നവരെ വിഷമത്തിലാഴ്ത്തിക്കൊണ്ട് റിസര്‍വ് ബാങ്ക് വയ്പാനയം പുതുക്കി. റിസര്‍വ് ബാങ്കിന്‍റെ പുതിയ വായ്പാ നായത്തില്‍ പൊതുജനങ്ങളെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിക്കാന്‍ പോകുന്നത് റീപ്പോ നിരക്കുകളില്‍ വരുത്തിയ വര്‍ധനയാണ്. 

റീപ്പോ നിരക്കുകളില്‍ 0.25 ശതമാത്തിന്‍റെ വര്‍ധനയാണ് ആര്‍ബിഐയുടെ നയരൂപീകരണ സമിതി വരുത്തിയ വര്‍ദ്ധനവ്. ഇതോടെ നിരക്ക് 6.00 ശതമാത്തില്‍ നിന്ന് 6.25 ശതമാനത്തിലേക്ക് ഉയര്‍ന്നു. ഫലത്തില്‍ ബാങ്കില്‍ നിന്ന് നിലവില്‍ വായ്പ എടുത്തിട്ടുള്ളവര്‍ക്കും എടുക്കാന്‍ പദ്ധതിയുളളവര്‍ക്കും ഇരുട്ടടിയാവും തീരുമാനം. ബാങ്കുകളുടെ വായ്പയിന്‍ മേല്‍ പലിശ നിരക്കുകള്‍ 0.25 ശതമാനം മുതല്‍ 0.40 ശതമാനത്തിനടുത്ത് വരെ വര്‍ദ്ധിക്കാന്‍ ഈ നയ തീരുമാനം കാരണമായേക്കും. 

ഇപ്പോള്‍ തന്നെ പല ബാങ്കുകളും 0.30 ശതമാനത്തിനടുത്ത് പലിശ വര്‍ദ്ധിപ്പിക്കാന്‍ ബോര്‍ഡില്‍ തീരുമാനമെടുത്തതായാണ് പുറത്തുവരുന്ന വിവരം. ഇത് നിലവില്‍ ബാങ്ക് വായ്പകളുളളവരുടെ വരുന്ന മാസത്തിലെ തിരിച്ചടവില്‍ തന്നെ പ്രതിഫലിക്കാനാണ് സാധ്യത. 

ക്രൂഡ് വില ഉയര്‍ന്ന് നില്‍ക്കുന്നതും യു.എസ്. ഫെഡറല്‍ റിസര്‍വ് പലിശ വര്‍ദ്ധനയും രാജ്യത്തെ പണപ്പെരുപ്പത്തിലേക്ക് തള്ളിവിടാതിരിക്കാനാണ് റിസര്‍വ് ബാങ്കിന്‍റെ ഇടപെടീല്‍. എന്നാല്‍ പണപ്പെരുപ്പ സാധ്യത ഇനിയും വര്‍ദ്ധിക്കുന്നതായുളള സാഹചര്യങ്ങളില്‍ രാജ്യത്ത് മാറ്റമില്ലാതെ തുടര്‍ന്നാല്‍ ഇനിയും പലിശ നിരക്കുകളില്‍ ആര്‍ബിഐ മാറ്റം വരുത്തിയേക്കാം. ഓഗസ്റ്റില്‍ ഒരുപക്ഷേ മറ്റൊരു വര്‍ദ്ധന കൂടി ഉണ്ടായേക്കാം എന്ന് സാരം. ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന വായ്പ (റിവേഴ്സ് റീപ്പോ)യുടെ നിരക്ക് ആറ് ശതമാനമായും ക്രമീകരിച്ചിട്ടുണ്ട്. നാലര വര്‍ഷങ്ങള്‍ക്ക് ശേഷം വരുത്തുന്ന നയമാറ്റതീരുമാനം നടപ്പായത് സമിതിയുടെ ഏകകണ്ഠമായ തീരുമാനത്തെ തുടര്‍ന്നാണെന്നത് ശ്രദ്ധേയമാണ്.      

Follow Us:
Download App:
  • android
  • ios