പലിശ നിരക്കില്‍ കാല്‍ ശതമാനം ഇളവെങ്കിലുമാണ് വ്യവസായ മേഖല പ്രതീക്ഷിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നവംബര്‍ എട്ടിന് പ്രഖ്യാപിച്ച നോട്ടസാധുവാക്കലിന് ശേഷം നാല് വര്‍ഷത്തെ താഴ്ന്ന നിരക്കിലാണ് രാജ്യത്തെ സാമ്പത്തിക വളര്‍ച്ച. ഇതും ബാങ്കുകളില്‍ നിക്ഷേപം കുമിഞ്ഞ് കൂടിയതും പരിഗണിച്ച് റിസര്‍വ് ബാങ്ക് പലിശ കുറയ്‌ക്കാന്‍ തയ്യാറായേക്കുമെന്നാണ് സൂചന. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയായ റിപോ നിരക്ക് നിലവില്‍ 6.25 ശതമാനമാണ്.  റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനവും. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വിലയില്‍ ഗണ്യമായ വര്‍ദ്ധനയില്ലാത്തതും പലിശ നിരക്ക് കുറയ്‌ക്കുന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ അവസാന വായ്പ നയമാണ് ഇന്നത്തേത്. ധന നയസമിതി യോഗം ചേര്‍ന്ന് തീരുമാനം എടുക്കുന്നതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ താത്പര്യങ്ങളും വായ്പാ നയത്തില്‍ ഇടംപിടിച്ചേക്കും. വന്‍തോതിലുള്ള നിക്ഷേപം കണക്കിലെടുത്ത് ബാങ്കുകള്‍ ഇതിനകം പലിശ നിരക്കില്‍ കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പലിശ നിരക്കില്‍ ഇളവ് പ്രഖ്യാപിക്കുന്നത് ആര്‍.ബ.ഐ ഏപ്രിലിലേക്ക് മാറ്റിവച്ചേക്കുമെന്നും വിലയിരുത്തലുണ്ട്. ഉച്ചകഴിഞ്ഞ് രണ്ടരയ്‌ക്കാണ് പ്രഖ്യാപനം.