തൊഴില്‍ മേഖലകള്‍ സംരക്ഷിക്കാന്‍ റി സ്കില്ലിങ് വേണം

ബംഗളൂരു: തൊഴില്‍ മേഖലയിലെ വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യ തൊഴിലാളികളുടെ കഴിവുകളില്‍ വീണ്ടും വിദഗ്ദ്ധ പരിശീലനം (reskill) നല്‍കണമെന്ന് ക്രിസ് ഗോപാലകൃഷ്ണന്‍. നിര്‍മ്മിത ബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) വളര്‍ച്ച ലോകത്തെ കൂട്ടിക്കൊണ്ട് പോകുന്നത് നാലാം വ്യാവസായിക വളര്‍ച്ചയിലേക്കാണെന്ന് അദ്ദേഹം പറഞ്ഞു.

കാര്‍ഷികം, വ്യവസായം, സേവനം എന്നീ യുഗങ്ങള്‍ക്ക് ശേഷമാണ് നിര്‍മ്മിത ബുദ്ധിയുടെ ഇടപടലില്‍ നാലാം വ്യാവസായിക വിപ്ലവത്തിലേക്ക് ലോകം സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്നും ക്രിസ് അഭിപ്രായപ്പെട്ടതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. നിര്‍മ്മിത ബുദ്ധി ഉള്‍പ്പെടെയുളള സാങ്കേതിക പുരോഗതി ബിസിനസ്സിന്‍റെ വളര്‍ച്ചയ്ക്ക് വലിയ സഹായങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും, അത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഉണ്ടായിരുന്ന കഴിവുകളുടെ പ്രാധാന്യം നഷ്ടപ്പെടുത്തും. ഈ പ്രശ്നം പരിഹരിക്കാനുളള ഏറ്റവും നല്ല മാര്‍ഗ്ഗം തൊഴിലാളികളെ റി സ്കില്‍ ചെയ്യുകയെന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. 

പരമ്പരാഗത തൊഴിലുകളില്‍ യന്ത്രങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കുകയാണ്. അതിനാല്‍ കൃഷി, ഉല്‍പ്പന്ന നിര്‍മ്മാണം, സര്‍വ്വീസ് സെക്ടര്‍ തുടങ്ങിയ തൊഴില്‍ മേഖലകളില്‍ മനുഷ്യന് നിലനില്‍ക്കാന്‍ വീണ്ടും ഇത്തരം തൊഴിലുകളില്‍ കൂടുതല്‍ വൈദഗ്ധ്യം നേടിയെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.