മുംബൈ: അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ സ്വത്തുവകകള്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ വിലയ്ക്ക് വാങ്ങിയേക്കും. 

വന്‍കടബാധ്യത നേരിടുന്ന റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ തങ്ങളുടെ ആസ്തി വിറ്റൊഴിഞ്ഞ് കടം തീര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു. റിലയന്‍സ് ജിയോ അടക്കം നാല് കമ്പനികള്‍ ഈ ഇടപാടില്‍ താത്പര്യം പ്രകടിപ്പിച്ച് രംഗത്ത് വന്നു. ഇതില്‍ കൂടുതല്‍ തുക വാഗ്ദാനം ചെയ്തിരിക്കുന്നത് ജിയോയാണ്. 

റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ മൊത്തം ആസ്തിവകകളെ അഞ്ചായി തിരിച്ചാണ് കമ്പനി വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. ഇതില്‍ ഭൂരിപക്ഷവും വാങ്ങാന്‍ ജിയോ താത്പര്യമറിയിച്ചിട്ടുണ്ടെന്നും, മത്സരരംഗത്തുള്ള മറ്റു കമ്പനികളേക്കാള്‍ ഉയര്‍ന്ന തുകയാണ് ജിയോ വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും വില്‍പനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചിലരെ ഉദ്ധരിച്ച് ദേശീയമാധ്യമമായ ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ ഓപ്റ്റികല്‍ ഫൈബര്‍ ശൃംഖല, സ്‌പെക്ട്രം, മൊബൈല്‍ ടവറുകള്‍ എന്നിവയ്ക്ക് വിലയ്ക്ക് വാങ്ങാനാണ് ജിയോ ഉദ്ദേശിക്കുന്നത്. റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ ഭൂസ്വത്തുകള്‍, മറ്റു ബിസിനസ് സംരഭങ്ങള്‍ എന്നിവയില്‍ ജിയോ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. 

റിലയന്‍സ് ജിയോയുടെ മാതൃസ്ഥാപനമായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഡിസംബര്‍ 24-ന് നാല്‍പ്പതാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഡിസംബര്‍ 28-ന് റിലയന്‍സ് സ്ഥാപകന്‍ ധീരുഭായ് അംബാനിയുടെ ജന്മദിനം കൂടിയായതിനാല്‍ ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികളാണ് റിലയന്‍സ് ആസൂത്രണം ചെയ്തിരിക്കുന്നത്.