സെപ്തംബര്‍ അഞ്ചിന് പ്രഖ്യാപിച്ച ജിയോയുടെ സൗജന്യ ഓഫറുകള്‍ ഡിസംബറില്‍ 31നാണ് അവസാനിക്കുന്നത്. എന്നാല്‍ ധീരുഭായ് അംബാനിയുടെ ഈ ജന്മദിനത്തില്‍ നിര്‍ണ്ണായകമായ മറ്റൊരു പ്രഖ്യാപനം മുകേശ് അംബാനിയുടെ റിലയന്‍സ് ജിയോ ഗ്രൂപ്പ് നടത്തിയേക്കുമെന്ന് സൂചന. ജിയോയുടെ സൗജന്യ സേവനങ്ങള്‍ 2017 മാര്‍ച്ച് അവസാനം വരെ നീട്ടുന്ന പ്രഖ്യാപനം ഡിസംബര്‍ 28ന് ഉണ്ടാകുമെന്നാണ് കന്പനിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ബിസിനസ് മാധ്യമങ്ങള്‍ പറയുന്നു. എന്നാല്‍ ട്രയല്‍ ഓഫറുകള്‍ 90 ദിവസം നവരെ മാത്രമേ നല്‍കാനാവൂ എന്നാണ് ട്രായ് നിബന്ധന. ഇത് എങ്ങനെ ജിയോ മറകടക്കുമെന്നതാണ് ഇനി അറിയേണ്ടത്. സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിന് മുമ്പ് പണം ഈടാക്കുന്നത് ശരിയല്ലെന്ന വിലയിരുത്തലായിരുന്നു കമ്പനിക്ക് ആദ്യം മുതല്‍ ഉണ്ടായിരുന്നത്. 

ജിയോയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. ഡേറ്റാ സ്പീഡ് സംബന്ധിച്ച പരാതികളും കോളുകള്‍ കണക്ട് ആവാത്ത പ്രശ്നങ്ങളും ഇതുവരെ പൂര്‍ണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. മറ്റ് കമ്പനികള്‍ ഇന്റര്‍ കണക്ഷന്‍ നല്‍കാത്തതിനാലാണ് വോയ്സ് കോളുകള്‍ക്ക് പ്രശ്നം നേരിടുന്നതെന്നായിരുന്നു നേരത്തെ കമ്പനി ന്യായീകരിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ട്രായ് ഇടപെടുകയും മറ്റ് സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് വന്‍തുക പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇതിന് ശേഷം കമ്പനികള്‍ ഇന്റര്‍ കണക്ഷന്‍ അനുവദിച്ചതിന് ശേഷവും പ്രശ്നങ്ങള്‍ പൂര്‍ണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ല.