2020 തോടെ ഇന്ത്യന്‍ ഇ - കൊമേഴ്സ് വിപണിയുടെ നായക സ്ഥാനം ലക്ഷ്യമാക്കി റിലയന്‍സ്
ദില്ലി: ജിയോയിലൂടെ ഇന്ത്യക്കാരുടെ മനസ്സ് കീഴടക്കിയ റിലയന്സ് പുതിയ ബിസിനസ്സ് പദ്ധതിയുമായി എത്തുന്നു. റിലയന്സിന്റെ ഇ - കൊമേഴ്സ് പ്ലാറ്റ്ഫോമാണ് ഇനി ഇന്ത്യക്കാര്ക്കായി അവതാരമെടുക്കാന് പോകുന്ന പുതിയ പദ്ധതി. 2020 തോടെ ഇപ്പോഴുള്ളതിന്റെ ഇരട്ടിയായി വളരുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യന് ഇ - കൊമേഴ്സ് വിപണിയുടെ നായക സ്ഥാനമാണ് തങ്ങളുടെ ലക്ഷ്യമെന്ന് റിലയന്സ് വിശദമാക്കുന്നു.
2020 ല് ഇന്ത്യന് ഇ - കൊമേഴ്സ് വിപണി 250 ബില്യണ് യുഎസ് ഡോളറായി വളരുമെന്നാണ് പ്രവചനങ്ങള്. രാജ്യത്തെ ചെറുകിട സംരംഭകരെ കൂട്ടിയിണക്കി തയ്യാറാക്കുന്ന പ്ലാറ്റ്ഫോമിലൂടെ ഇന്ത്യയുടെ നഗര - ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ പ്രദേശങ്ങളിലും തുടക്കത്തില് തന്നെ സ്ഥാനമുറപ്പിക്കാണ് റിലയന്സിന്റെ ലക്ഷ്യം. റിലയന്സിന്റെ പുതിയ കുടക്കീഴില് ഓണ്ലൈന്- ഓഫ്ലൈന് സംയുക്ത ഷോപ്പിങ് അനുഭവമാവും ഗുണഭോക്താക്കള്ക്ക് ലഭിക്കുകയെന്ന് മുകോഷ് അംബാനി അറിയിച്ചു.
ഇ -കൊമേഴ്സ് ബിസിനസിലേക്കുളള റിലയന്സിന്റെ പുതിയ കടന്നുവരവിനെക്കുറിച്ച് വാര്ത്തകള് നേരത്തെ വന്നിരുന്നെങ്കിലും ഇപ്പോളാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായത് . റിലയന്സ് ഇന്റസ്ട്രീസിന്റെ 41 മത് വാര്ഷിക ജനറല് യോഗത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം മുകേഷ് അംബാനി നടത്തിയത്. ജീയോയിലൂടെ മൊബൈല് കമ്മ്യൂണിക്കേഷന് വ്യവസായത്തില് മുന്നേറുന്ന റിലയന്സ് ഇ - കൊമേഴ്സ് രംഗത്തുകൂടി സജീവമാകുന്നതിലൂടെ ഇന്ത്യക്കാരന്റെ ദൈനംദിന ജീവിതത്തെ റിലയന്സിലൂടെ സുഗമമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമിടുന്നത്.
