രാജ്യത്തെ ബാങ്കുകള്‍ നേരിടുന്ന ഏറ്റവും വലിയ സുരക്ഷാ ഭീഷണിക്കുള്ള പ്രതിവിധിയാണ് റിസര്‍വ് ബാങ്ക് തേടുന്നത്. ഇതിന്റെ ഭാഗമായാണ് പുതിയ നിര്‍ദേശം. എടിഎം കാര്‍ഡിനൊപ്പം ബയോ മെട്രിക് സംവിധാനം കൂടി ബാങ്കുകള്‍ പരീക്ഷിക്കണം. എടിഎമ്മില്‍ നിന്ന് പണമെടുക്കുന്നതിന് കണ്ണിലെ കൃഷ്ണമണിയുടെ പ്രതിഫലനമോ വിരലടയാളമോ എടിഎം മെഷീനില്‍ പതിപ്പിക്കണം. ആധാര്‍ കാര്‍ഡിലെ വിശദാംശങ്ങള്‍ വെച്ച് ആളെ തിരിച്ചറിയാന്‍ ബാങ്കുകള്‍ സംവിധാനം ഒരുക്കണം. ഉപയോക്താവിന്റെ വിവരങ്ങള്‍ കൃത്യമായി എടിഎം മെഷീനില്‍ രേഖപ്പെടുത്തുന്നതിനാല്‍ തട്ടിപ്പുകള്‍ നടത്താനാവില്ല എന്നാണ് കരുതുന്നത്.
രാജ്യത്തെ പ്രമുഖ ബാങ്കുകളുടെ എടിഎം വിവരങ്ങള്‍ ചോര്‍ത്തി 130 ലക്ഷം രൂപ തട്ടിയെടുക്കപ്പെട്ട പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശം. അടുത്ത വര്‍ഷം ജനുവരി മുതല്‍ ബാങ്കുകള്‍ പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്നു.
എന്നാല്‍ ഇതിനെതിരെ വിമര്‍ശനവും ഉയര്‍ന്നു കഴിഞ്ഞു. നിരക്ഷരരുടെയോ കിടപ്പിലായവരുടെയോ എടിഎം കാര്‍ഡുകള്‍ വിശ്വസ്തരായ സഹായികള്‍ക്ക് ഉപയോഗിക്കുന്നതിന് ഇതു മൂലം കഴിയില്ലെന്നാണ് വിമര്‍ശനം.
