ദില്ലി: റിസര്‍വ് ബാങ്ക് പുതുക്കിയ വായ്പ നയം നാളെ പ്രഖ്യാപിക്കും. പണപ്പെരുപ്പം കൂടിയതിനാല്‍ വായ്പ പലിശ നിരക്കില്‍ ഇളവുണ്ടാകില്ലെന്നാണ് സൂചന. പലിശ നിരക്കില്‍ കാല്‍ ശതമാനം ഇളവ് വരുത്തിയ കഴിഞ്ഞ വായ്പ നയത്തില്‍ നിന്ന് രണ്ട് മാസത്തിനകം സ്ഥിതിഗതികള്‍ പാടെ മാറി. സാന്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് വ്യക്തമായി, ജിഎസ്ടിയില്‍ നിന്ന് പ്രതീക്ഷിച്ച വരുമാനം ലഭിക്കുന്നില്ല.
പണപ്പെരുപ്പം വരും മാസങ്ങളില്‍ ഉയരുമെന്ന സൂചന ഇവ നല്‍കുന്നു. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില മൂന്ന് വര്‍ഷത്തെ ഉയരത്തിലെത്തിയതും പ്രതിസന്ധിയാണ്. ക്രൂഡോയില്‍ വാങ്ങാന്‍ കൂടുതല്‍ ഡോളര്‍ ചെലവഴിച്ചാല്‍ തളര്‍ന്ന് നില്‍ക്കുന്ന രൂപ വീണ്ടും ദുര്‍ബലമാകും. അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശ കൂട്ടുമെന്ന് പ്രഖ്യാപിച്ചതും ആര്‍ബിഐ മുന്നറിയിപ്പായി പരിഗണിച്ചേക്കും.
റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്കു നല്‍കുന്ന ഹ്രസ്വകാല വായ്പ പലിശ നിരക്കായ റിപ്പോ നിലവില്‍ 6 ശതമാനമാണ്. റിവേഴ്‌സ് റിപ്പോ 5.75 ശതമാനവും. ആറ് വര്‍ഷത്തിനിടെയുള്ള താഴ്ന്ന നിരക്കാണിത്. അതേസമയം റിവര്‍വ് ബാങ്ക് അപ്രതീക്ഷതമായി പലിശ കുറയ്ക്കുമെന്നും ഒരു വിഭാഗം കണക്ക് കൂട്ടുന്നു.
നേരിയ തോതില്‍ മെച്ചപ്പെട്ട വ്യാവസായിക വളര്‍ച്ച പിടിച്ച് നിര്‍ത്താന്‍ പലിശ കുറയേണ്ടത് അനിവാര്യമാണെന്ന വിലയിരുത്തലിലാണിത്. വായ്പനയം നിശ്ചയിക്കുന്ന ആറംഗ ധനനയ സമിതിയില്‍ പലിശ കുറയ്ക്കണമെന്ന നിലപാടാകും കേന്ദ്രസര്‍ക്കാരിന്റേത്.
