ന്യൂഡല്‍ഹി: ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും കുപ്പിവെള്ളത്തിന് അമിത നിരക്ക് ഈടാക്കുന്നത് നിയമവിരുദ്ധമല്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ആര്‍.എഫ്.നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് രാജ്യത്തെ ഹോട്ടല്‍ ഉപഭോക്താകള്‍ക്ക് തിരിച്ചടിയാവുന്ന ഈ വിധി പുറപ്പെടുവിച്ചത്.

ലീഗല്‍ മെട്രോളജി ആക്ടിലെ നിയമങ്ങള്‍ കുടിവെള്ളം വില്‍ക്കുന്നതിന് ബാധകമാവില്ലെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. വെറുതെ കുപ്പിവെള്ളം വാങ്ങികുടിക്കാനായി ഒരാള്‍ ഹോട്ടലില്‍ പോകുന്നില്ല. ഹോട്ടലില്‍ ഇരുന്ന് കുപ്പിവെള്ളം ഓര്‍ഡര്‍ ചെയ്ത് കുടിക്കുന്ന ഉപഭോക്താവ് ജീവനക്കാരുടെ സേവനം ലഭിക്കുന്നുണ്ടെന്നും ഹോട്ടലിലെ അന്തരീക്ഷം ആസ്വദിക്കുന്നുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ഇതെല്ലാം പണം ചിലവാക്കിയാണ് ഹോട്ടല്‍ ഉടമ ഒരുക്കുന്നത്. 

പാക്കറ്റ് ഉല്‍പന്നങ്ങളുടെ പരമാവധി വിലയ്ക്ക് മേല്‍ അധികനിരക്ക് ഈടാക്കുന്നത് ലീഗല്‍ മെട്രോളജി ആക്ട് പ്രകാരം നിയമവിരുദ്ധമാണെന്നായിരുന്നു ഉപഭോക്തൃകാര്യമന്ത്രാലയത്തിന്റെ നിലപാട്. ഇതിനെതിരായി ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.