ന്യൂഡല്‍ഹി: കുപ്പിവെള്ളത്തിന് പരമാവധി വില്‍പ്പന വിലയിലും കൂടുതല്‍ വാങ്ങുന്നത് പിഴയും തടവും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ റസ്റ്റോറന്റുകള്‍, മള്‍ട്ടിപ്ലെക്‌സ്, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ കുപ്പിവെള്ളത്തിന് വില കൂട്ടി വില്‍ക്കുന്നത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെ സുപ്രീം കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
പരമാവധി വില്‍പ്പന വിലയില്‍ കൂടുതല്‍ ഈടാക്കി സാധനങ്ങള്‍ വില്‍ക്കുന്നത് ഉപഭോക്തൃ താല്‍പ്പര്യത്തിന് എതിരാണെന്നത് മാത്രമല്ല, നികുതി വെട്ടിപ്പായും കണക്കാക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ആഢംബര ഹോട്ടലുകളിലും മള്‍ട്ടിപ്ലക്‌സുകളിലും റസ്റ്റോറന്റുകളിലും കുടിവെള്ളം പരമാവധി വില്‍പ്പന വിലയിലും കൂടിയ വിലയ്‌ക്ക് വില്‍ക്കുന്നതായി നേരത്തേ മുതല്‍ ആക്ഷേപമുണ്ട്. നികുതി ഉള്‍പ്പടെയുള്ള ചെലവുകളുടെ അടിസ്ഥാനത്തില്‍ ഹോട്ടലുകള്‍ വാങ്ങുന്ന കുടിവെള്ളം ഇത്തരത്തില്‍ കൂടിയ വിലയ്‌ക്ക് വില്‍ക്കുന്നതിലൂടെ നികുതി വെട്ടിപ്പാണ് നടക്കുന്നതെന്നും സര്‍ക്കാര്‍ പറയുന്നു. കുടിവെള്ളത്തിന് കൂടിയ തുക ഈടാക്കുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെ ചോദ്യം ചെയ്താണ് ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ്സ് അസോസിയേഷന്‍സ് ഓഫ് ഇന്ത്യ എന്ന സംഘടന സുപ്രീം കോടതിയെ സമീപിച്ചത്.
പാക്ക് ചെയ്ത ഉള്‍പ്പന്നങ്ങള്‍ക്ക് പരമാവധി വില്‍പ്പന വിലയിലും കൂടിയ തുക ഈടാക്കുന്നത് അളവ് തൂക്ക നിയമ പ്രകാരവും ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇത്തരം കുറ്റം ചെയ്യുന്നവര്‍ക്കുമേല്‍ 25,000 രൂപ വരെ പിഴ ചുമത്താനും നിയമം അനുശാസിത്തുന്നു. കുറ്റം ആവര്‍ത്തിക്കുന്നവരില്‍നിന്ന് ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കാനും ഒരു വര്‍ഷം വരെ ജയില്‍ശിക്ഷയും നല്‍കാനും നിയമം അനുശാസിക്കുന്നു.
