ദില്ലി: ഇന്ത്യയില്‍ ജനങ്ങള്‍ക്കിടയില്‍ സാമ്പത്തിക വിടവ് വര്‍ധിക്കുന്നതായി പുതിയ സര്‍വേ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം രാജ്യം ഉണ്ടാക്കിയ സമ്പത്തിന്‍റെ എഴുപത്തിമൂന്ന് ശതമാനവും വെറും ഒരു ശതമാനം ആളുകളുടെ കൈകളിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് രാജ്യാന്തര അവകാശ സംഘടനയായ 'ഓക്‌സ്ഫാം' തിങ്കളാഴ്ച പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. 

മുന്‍ വര്‍ഷം രാജ്യം ആര്‍ജിച്ച സമ്പത്തില്‍ 58 ശതമാനമായിരുന്നു ഒരു ശതമാനം പേരിലേക്ക് മാത്രമായി പോയത്. ആഗോള കണക്കു വച്ചുനോക്കുമ്പോള്‍ ഇത് 50% അധികമാണെന്നും ഓക്‌സ്ഫാം ചൂണ്ടിക്കാട്ടുന്നു. അതേസമയം, രാജ്യത്തെ പകുതിയോളം വരുന്ന 67 കോടി ദരിദ്രരില്‍ സമ്പത്ത് വര്‍ധന ഒരു ശതമാനം മാത്രമാണെന്നും ഓക്‌സ്ഫാം പറയുന്നു. 

ലോക സാമ്പത്തിക ഫോറം വാര്‍ഷിക സമ്മേളനം ദാവോസില്‍ ചേരുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. 
ആഗോളതലത്തിലെടുക്കുമ്പോള്‍ ധനത്തിന്‍റെ കുമിഞ്ഞുകൂടല്‍ വര്‍ധിക്കുകയാണ്. 82% സമ്പത്തും എത്തിയിരിക്കുന്നത് ഒരു ശതമാനം പേരില്‍ മാത്രമാണ്. 
എന്നാല്‍ 3.7 ബില്യണ്‍ വരുന്ന ദരിദ്രരുടെ ആസ്തിയില്‍ ഒട്ടും വളര്‍ച്ചയുണ്ടായിട്ടില്ല. വര്‍ധിച്ചുവരുന്ന വരുമാന, ലിംഗ അസമത്വത്തില്‍ ലോക നേതാക്കള്‍ ചര്‍ച്ച ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയാണെന്നും ഓക്‌സ്ഫാം വ്യക്തമാക്കി.