മുംബൈ: ലോകത്തെ ഏറ്റവും വലിയ 20 കമ്പനികളിലൊന്നായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് മാറുക എന്നതാവണം ഇനിയുള്ള ലക്ഷ്യമെന്ന് മുകേഷ് അംബാനി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നാല്‍പതാം വാര്‍ഷികാഘോഷവേളയിലാണ് മുകേഷ് ഇക്കാര്യം പ്രഖ്യാപിച്ചത്.
നവിമുംബൈയിലെ റിലയന്‍സ് ക്യാംപസില്‍ വച്ചു നടന്ന ചടങ്ങിലായിരുന്നു കമ്പനിയുടെ ഭാവിലക്ഷ്യങ്ങളെക്കുറിച്ച് മുകേഷ് വാചാലനായത്. ഏതാണ്ട് അന്‍പതിനായിരത്തോളം പേര്‍ ആഘോഷചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയിരുന്നു. ലോകത്തെ ഏറ്റവും വലിയ 20 കമ്പനികളിലൊന്നായി മാറാന്‍ നമ്മുക്കാവില്ലേ ജീവനക്കാരോടായി മുകേഷ് ചോദിച്ചു.... അതെ എന്നായിരുന്നു ഇതിന് ഒറ്റശബ്ദത്തിലുള്ള ജീവനക്കാരുടെ മറുപടി.
കമ്പനിയുടെ നാല്‍പ്പതാം വാര്‍ഷികവും സ്ഥാപകന്‍ ധീരുഭായ് അംബാനിയുടെ 85-ാം ജന്മദിനവും കണക്കിലെടുത്ത് ഒരാഴ്ച്ച നീളുന്ന ആഘോഷപരിപാടികളാണ് നവിമുംബൈയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആസ്ഥാനത്ത് നടക്കുന്നത്. പ്രകൃതിസൗഹൃദ ഇന്ധനങ്ങളിലേക്ക് ലോകം മാറുന്ന സാഹചര്യത്തില്‍ ഈ രംഗത്ത് കൂടുതല്‍ മുന്നേറുവാനും ആഗോളരംഗത്ത് തന്നെ മുന്‍നിരക്കാരായി മാറാനുമാണ് റിലയന്‍സ് ലക്ഷ്യമിടുന്നതെന്ന് അംബാനി പറഞ്ഞു.
കമ്പനിയുടെ ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗമായ റിലയന്‍സ് ജിയോക്ക് വലിയ സാധ്യതകളാണുള്ളതെന്ന് അംബാനി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ തന്നെ ഇന്ത്യയിലെ 15 കോടി ആളുകള്‍ റിലയന്‍സ് ജിയോയുടെ ഉപഭോക്താകളാണ്. സമ്പദ് വ്യവസ്ഥയുടെ ഏത് മേഖലയിലും അതിനാല്‍ തന്നെ ജിയോക്ക് സാധ്യതയുണ്ട്. വിനോദം, സാമ്പത്തികസേവനം, വാണിജ്യം, കൃഷി,വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ഏത് മേഖലയിലേക്കും സേവനമെത്തിക്കാന്‍ ജിയോക്ക് സാധിക്കും മുകേഷ് അംബാനി പറഞ്ഞു.
