പണം പിന്‍വലിക്കുന്നതില്‍ റിസര്‍വ് ബാങ്ക് വരുത്തിയ ഭാഗിക നിയന്ത്രണം ഇന്നു മുതല്‍ പ്രബല്യത്തില്‍ വരും. എ.ടി.എമ്മുകളില്‍ നിന്ന് ഇന്ന് മുതല്‍ പ്രതിദിനം 4,500 രൂപ പിന്‍വലിക്കാം. വെള്ളിയാഴ്ചയാണ് പ്രതിദിനം പിന്‍വലിക്കാവുന്ന പണത്തിന്‍റെ പരിധി 2,500 രൂപയില്‍ നിന്ന് 4,500 രൂപയായി ഉയര്‍ത്തിയത്. ഇന്ന് ബാങ്ക് അവധിയും ഒന്നാം തീയതിയും ആയതിനാല്‍ എടിഎമ്മുകള്‍ക്ക് മുന്നിലെ വരി നീളും. 

അതിനിടെ ബാങ്കുകള്‍ വായ്പ പലിശ നിരക്ക് കൂറയ്‌ക്കുമോയെന്നാണ് ഇനി അറിയേണ്ടത്. നോട്ട് അസാധുവാക്കിയതിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തി ബാങ്ക് മേധാവികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദില്ലിയില്‍ യോഗം ചേര്‍ന്നിരുന്നു. പ്രധാനമന്ത്രിയുടെ പുതുവര്‍ഷ പ്രസംഗവും പുറത്ത് വന്ന സാഹചര്യത്തില്‍ പലിശയുടെ കാര്യത്തില്‍ ബാങ്കുകള്‍ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് സൂചന.